Skip to content

ഐ പി എൽ ചരിത്രത്തിലെ ഏറ്റവും വലിയ സിക്സുകളിലൊന്ന്, ഏവരെയും ഞെട്ടിച്ച് ലിവിങ്സ്റ്റൻ്റെ പടുകൂറ്റൻ സിക്സ്, വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സിക്സ് പായിച്ച് ഏവരെയും ഞെട്ടിച്ച് പഞ്ചാബ് കിങ്സിൻ്റെ ഇംഗ്ലീഷ് ബാറ്റ്സ്മാൻ ലിയാം ലിവിങ്സ്റ്റൺ. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ഇന്ത്യൻ പേസർ മൊഹമ്മദ് ഷാമിയ്ക്കെതിരെയാണ് ഈ കൂറ്റൻ സിക്സ് ലിവിങ്സ്റ്റൺ നേടിയത്. ഇതിന് പിന്നാലെ തുടർച്ചയായ രണ്ട് സിക്സ് കൂടെ താരം നേടുകയും ചെയ്തു.

മത്സരത്തിൽ 8 വിക്കറ്റിൻ്റെ തകർപ്പൻ വിജയമാണ് പഞ്ചാബ് കിങ്സ് നേടിയത്. ഗുജറാത്ത് ടൈറ്റൻസ് ഉയർത്തിയ 144 റൺസിൻ്റെ വിജയലക്ഷ്യം വെറും 16 ഓവറിൽ പഞ്ചാബ് മറികടന്നു.

മത്സരത്തിലെ പതിനാറാം ഓവറിലെ ആദ്യ പന്തിലാണ് ഈ കൂറ്റൻ സിക്സ് ലിവിങ്സ്റ്റൺ നേടിയത്. ആരാധകർക്കും കാണികൾക്കുമൊപ്പം കമൻ്റെറ്റർമാരെ പോലും ഈ പടുകൂറ്റൻ 117 മീറ്റർ സിക്സ് ഞെട്ടിച്ചു.

വീഡിയോ ;

ഇതിനുപിന്നാലെ തൊട്ടടുത്ത രണ്ട് പന്തിലും സിക്സ് നേടികൊണ്ട് ഷാമിയ്ക്കെതിരെ ഹാട്രിക് സിക്സ് താരം പൂർത്തിയാക്കി. പിന്നാലെ രണ്ട് ഫോറും ഒരു ഡബിളും നേടി ഓവറിൽ 28 റൺസ് നേടികൊണ്ട് ലിവിങ്സ്റ്റൺ ടീമിനെ വിജയത്തിലെത്തിച്ചു.

( Picture Source : IPL / BCCI )

മത്സരത്തിൽ 10 പന്തിൽ 3 ഫോറും 2 സിക്സുമടക്കം 30 റൺസ് നേടി ലിവിങ്സ്റ്റൺ പുറത്താകാതെ നിന്നു. ലിവിങ്സ്റ്റനൊപ്പം 53 പന്തിൽ 62 റൺസ് നേടിയ ശിഖാർ ധവാനും 28 പന്തിൽ 40 റൺസ് നേടിയ രാജപക്സയും മികച്ച പ്രകടനം പുറത്തെടുത്തു. നേരത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസിനെ നാല് വിക്കറ്റ് വീഴ്ത്തിയ റബാഡയാണ് തകർത്തത്. ഫിഫ്റ്റി നേടിയ യുവതാരം സായ് സുദർശൻ മാത്രമാണ് ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി തിളങ്ങിയത്.

( Picture Source : IPL / BCCI )

സീസണിലെ അഞ്ചാം വിജയമാണ് മത്സരത്തിൽ പഞ്ചാബ് കിങ്സ് കുറിച്ചത്. ഇതോടെ പോയിൻ്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തെത്തി പ്ലേയോഫ് സാധ്യതകൾ സജീവമാക്കുവാൻ പഞ്ചാബിന് സാധിച്ചു.

( Picture Source : IPL / BCCI )