സച്ചിനും അച്ഛനും പോകുന്നത് നോക്കൂ, ചെറുപ്പത്തിൽ താൻ നേരിട്ട കളിയാക്കലുകളെ കുറിച്ച് സഞ്ജു സാംസൺ

ക്രിക്കറ്റ് കരിയർ തൻ്റെ നേട്ടങ്ങളുടെ ക്രെഡിറ്റ് നൽകേണ്ടത് തൻ്റെ കുടുംബത്തിനാണെന്ന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. അടുത്തിടെ നടന്ന അഭിമുഖത്തിൽ തൻ്റെ ക്രിക്കറ്റ് കരിയറിനായി അച്ഛനും അമ്മയും നടത്തിയ കഷ്ടപാടുകളെ കുറിച്ചും ചെറുപ്പത്തിൽ നേരിട്ട കളിയാക്കലുകളെ കുറിച്ചും സഞ്ജു മനസ്സുതുറന്നു.

” ഡൽഹിയിൽ നഗരത്തിൻ്റെ എല്ലാ കോണിലും ധാരാളം ക്രിക്കറ്റ് താരങ്ങൾ ഉണ്ടായിരുന്നു. ഒന്ന് രണ്ട് തവണ ഞാനും സഹോദരനും ട്രയൽസ് നടത്തിയെങ്കിലും പരാജയപെട്ടു. നമ്മൾ കേരളത്തിൽ നിന്നാണെന്നും കേരളത്തിൽ നിന്നും കളിച്ചാൽ മതിയെന്നും അന്ന് അച്ഛൻ പറഞ്ഞു. തുടർന്ന് ഒരു മാസത്തിനുള്ളിൽ ഞങ്ങൾ തിരുവനന്തപുരത്തേക്ക് മാറി. അവർ പത്താം ക്ലാസ് പാസാകട്ടെയെന്നും കേരളത്തിൽ ആര് അഡ്മിഷൻ തരുമെന്നും അമ്മ ചോദിച്ചിരുന്നു. പക്ഷേ അച്ഛൻ തീരുമാനത്തിൽ ഉറച്ചുനിന്നു. ”

” കേരളത്തിൽ വന്ന ശേഷം ഞാൻ രണ്ട് വർഷം ഞാൻ കളിച്ചില്ല, തുടർന്ന് അച്ഛൻ ഡൽഹി പോലീസിൽ നിന്നും വിരമിക്കുകയും കേരളത്തിലേക്ക് മാറുകയും ചെയ്തു. പിന്നീട് അദ്ദേഹവും രാവിലെയും വൈകീട്ടും ബൈക്കിൽ ഞങ്ങളെ പരിശീലനത്തിന് കൊണ്ടുപോകുമായിരുന്നു. അതൊരു വെല്ലുവിളി നിറഞ്ഞ കാലഘട്ടമായിരുന്നു. ” സഞ്ജു പറഞ്ഞു.

” ഞങ്ങൾക്ക് വേണ്ടി കഷ്ടപെടുകയാണെന്ന് അന്ന് അവർ ഞങ്ങളെ അറിയിച്ചില്ല. അവർ രണ്ടുപേരുടെയും ധീരമായ തീരുമാനമായിരുന്നു അത്. അവർ ഞങ്ങൾക്ക് വേണ്ടി ഒരുപാട് ത്യാഗങ്ങൾ സഹിച്ചു. ഡൽഹിയിൽ കളിച്ചിരുന്നപ്പോൾ ബസ് സ്റ്റാൻഡിലേക്ക് പോകുമ്പോൾ അച്ഛനോ അമ്മയോ ആയിരിക്കും ഞങ്ങളുടെ കിറ്റ് ബാഗുകൾ പിടിക്കുക. സച്ചിനും അച്ഛനും നടന്നുപോകുന്നത് നോക്കൂ, അവൻ ടെണ്ടുക്കറാകുമോ എന്നൊക്കെയുള്ള കളിയാക്കലുകൾ പിന്നിൽ നിന്നും കേൾക്കുമായിരുന്നു. ”

” എന്നാൽ അവർക്ക് പ്രത്യേകിച്ച് എൻ്റെ സഹോദരന് ഞാൻ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമെന്ന ഉറപ്പുണ്ടായിരുന്നു. ” സഞ്ജു സാംസൺ കൂട്ടിച്ചേർത്തു.