കോഹ്ലി അവന് വേണ്ടത്ര പിന്തുണ നൽകിയില്ല, അവൻ്റെ കരിയർ സംരക്ഷിച്ചത് രോഹിത് ശർമ്മയാണ്, കുൽദീപ് യാദവിൻ്റെ ബാല്യകാല കോച്ച്

ഇന്ത്യൻ സ്‌പിന്നർ കുൽദീപ് യാദവിൻ്റെ കരിയർ സംരക്ഷിച്ചത് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയാണെന്ന് താരത്തിൻ്റെ ബാല്യകാല കോച്ച് കപിൽ ദേവ് പാണ്ഡെ. വിരാട് കോഹ്ലിയ്ക്ക് കീഴിൽ വേണ്ടത്ര പിന്തുണ കുൽദീപിന് ലഭിച്ചില്ലയെന്നും കുൽദീപിനെ പോലെ കഴിവുള്ള താരത്തിന് പിന്തുണ ലഭിക്കാതിരുന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും കപിൽ ദേവ് പാണ്ഡെ ആരോപിച്ചു.

” ക്യാപ്റ്റന്മാർ വിശ്വസിച്ചപ്പോഴെല്ലാം കുൽദീപ് മികച്ച പ്രകടനം പുറത്തെടുത്തു. ടെസ്റ്റിൽ മികച്ച റെക്കോർഡ് അവനുണ്ട്. ഏകദിനത്തിൽ രണ്ട് ഹാട്രിക് അവൻ നേടിയിട്ടുണ്ട്. ടി20 യിലും മികച്ച റെക്കോർഡ് അവനുണ്ട്. എന്നിട്ടും അവന് വേണ്ടത്ര അവസരങ്ങൾ ലഭിച്ചിട്ടില്ല. അത് ശരിക്കും ഞെട്ടിപ്പിക്കുന്നതാണ്. ”

” അവൻ്റെ കരിയർ സംരക്ഷിച്ചത് രോഹിത് ശർമ്മയാണ്. കുൽദീപിൻ്റെ ഈ തിരിച്ചുവരവിന് കാരണം രോഹിത് ശർമ്മയാണ്. രോഹിത് മികച്ച ക്യാപ്റ്റനാണ്. ഒരു വലിയകൂട്ടം കളിക്കാരിൽ നിന്നും എങ്ങനെ കഴിവുകൾ കണ്ടെത്തണമെന്ന് രോഹിത് ശർമ്മയ്ക്ക് അറിയാം. ഐ പി എല്ലിന് മുൻപായി കുൽദീപിന് രോഹിത് ശർമ്മ അവസരം നൽകി. ” കപിൽ ദേവ് പാണ്ഡെ പറഞ്ഞു.

” കുൽദീപിനെയും അവൻ്റെ യോ യോ ടെസ്റ്റിനെയും രോഹിത് സസൂക്ഷ്മം നിരീക്ഷിച്ചു. കുൽദീപിൻ്റെ തിരിച്ചുവരവിൽ ക്രെഡിറ്റ് നൽകേണ്ടത് രോഹിത് ശർമ്മയ്ക്കാണ്. രോഹിത് ശർമ്മയുടെയും പന്തിൻ്റെയും പോണ്ടിങിൻ്റെയും പിന്തുണയില്ലെങ്കിൽ അവന് ഈ തിരിച്ചുവരവ് സാധ്യമാവുകയില്ലായിരുന്നു. ”

” ഓരോ ക്യാപ്റ്റന്മാർക്കും ഓരോ ശൈലിയുണ്ട്. ക്യാപ്റ്റൻസിയിലും ഒപ്പം കളിക്കാരെ തിരഞ്ഞെടുക്കുന്നതിലും. കുൽദീപ് കോഹ്ലിക്ക് കീഴിൽ ഒരുപാട് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. വിരാട് തൻ്റെ ടീമിൽ എക്സ്പീരിയൻസ് വേണമെന്ന് ആഗ്രഹിച്ചു. അതുകൊണ്ട് അശ്വിനും ജഡേജയ്ക്കും അവസരം നൽകി. ബാറ്റിങ് കഴിവുകൾ കാരണം അക്ഷർ പട്ടേലിനാണ് കുൽദീപ് യാദവിനേക്കാൾ അവസരം കോഹ്ലി നൽകിയത്. ഒരു ക്യാപ്റ്റൻ തൻ്റെ കളിക്കാരെ വിശ്വസിക്കേണ്ടതുണ്ട്. ” കുൽദീപിൻ്റെ ബാല്യകാല കോച്ച് കൂട്ടിച്ചേർത്തു.