Skip to content

ക്യാപ്റ്റൻസി അവൻ്റെ പ്രകടനത്തെയും ബാധിക്കാൻ തുടങ്ങി, ക്യാപ്റ്റൻസി വീണ്ടും ഏറ്റെടുത്തതിനെ കുറിച്ച് എം എസ് ധോണി

ചെന്നൈ സൂപ്പർ കിങ്സിൻ്റെ ക്യാപ്റ്റൻ സ്ഥാനം ജഡേജയിൽ നിന്നും താൻ ഏറ്റെടുത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി എം എസ് ധോണി. ഈ സീസണിൽ താനായിരിക്കും ക്യാപ്റ്റനെന്ന് കഴിഞ്ഞ സീസണിൽ തന്നെ ജഡേജയ്ക്ക് അറിയാമായിരുന്നുവെന്നും എന്നാൽ ക്യാപ്റ്റൻസിയിലെ സമ്മർദ്ദം ജഡേജയുടെ പ്രകടനത്തെയും ബാധിച്ചുവെന്നും അത് ടീമിന് കൂടുതൽ തിരിച്ചടിയായെന്നും സൺറൈസേഴ്സിനെതിരായ മത്സരശേഷം ധോണി പറഞ്ഞു.

( Picture Source ; BCCI )

മത്സരത്തിൽ തകർപ്പൻ വിജയമാണ് ചെന്നൈ സൂപ്പർ കിങ്സ് നേടിയത്. മത്സരത്തിൽ സി എസ് കെ ഉയർത്തിയ 203 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സിന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 189 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ.

” ഈ സീസണിൽ താനായിരിക്കും ക്യാപ്റ്റനെന്ന് ജഡേജയ്ക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ തയ്യാറെടുപ്പിനായി ധാരാളം സമയം അവന് ലഭിച്ചിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിൽ തീരുമാനങ്ങൾ എടുക്കുന്നതിൽ ഞാൻ അവനെ സഹായിച്ചിരുന്നു. അതിന് ശേഷമുള്ള മത്സരങ്ങളിൽ തീരുമാനങ്ങളും ഉത്തരവാദിത്വങ്ങളും ഞാൻ അവന് തന്നെ വിട്ടു. കാരണം സീസണിൻ്റെ അവസാനത്തിൽ താൻ ടോസിടാൻ മാത്രമാണ് പോകുന്നതെന്നും നായകസ്ഥാനം മറ്റൊരാൾ നിർവഹിച്ചതായി അവന് തോന്നരുതെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ” ധോണി പറഞ്ഞു.

( Picture Source ; BCCI )

” സ്പൂൺ ഫീഡിങ് ഒരു ക്യാപ്റ്റനെയും സഹായിക്കില്ല. കളിക്കളത്തിൽ നിർണായക തീരുമാനങ്ങൾ നിങ്ങൾ എടുക്കണം, അതിൻ്റെ ഉത്തരവാദിത്വവും നിങ്ങൾ തന്നെ ഏറ്റെടുക്കണം.”

” നിങ്ങൾ ക്യാപ്റ്റനായി കഴിഞ്ഞാൽ അതിനർത്ഥം ഒരുപാട് ആവശ്യങ്ങൾ നിങ്ങൾക്ക് മുൻപിലുണ്ടാകുമെന്നാണ്. ജോലിഭാരം വളർന്നപ്പോൾ അതവൻ്റെ പ്രകടനത്തെ ബാധിച്ചു. ക്യാപ്റ്റൻസി അവൻ്റെ തയ്യാറെടുപ്പിനെയും പ്രകടനത്തെയും ബാധിച്ചുവെന്നാണ് ഞാൻ കരുതുന്നത്. ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞാലും നിങ്ങൾ മികച്ച പ്രകടനം പുറത്തെടുത്താൽ അതാണ് ടീം ആഗ്രഹിക്കുന്നത്. അവൻ ക്യാപ്റ്റനായതോടെ ഡീപ് മിഡ് വിക്കറ്റിൽ ഒരു മികച്ച ഫീൽഡറെ ഞങ്ങൾക്ക് നഷ്ടപെട്ടു. 17-18 ക്യാച്ചുകൾ ഞങ്ങൾ കൈവിട്ടു. അത് ആശങ്കാജനകമാണ്. ” എം എസ് ധോണി കൂട്ടിച്ചേർത്തു.

( Picture Source ; BCCI )