സൂപ്പറായി സൂപ്പർ ജയൻ്റ്സ്, ഡൽഹി ക്യാപിറ്റൽസിനെതിരെ 6 റൺസിൻ്റെ ആവേശവിജയം, പോയിൻ്റ് ടേബിളിൽ രണ്ടാമത്

ഡൽഹി ക്യാപിറ്റൽസിനെ 6 റൺസിന് പരാജയപ്പെടുത്തി തങ്ങളുടെ ഏഴാം വിജയം നേടി ലഖ്നൗ സൂപ്പർ ജയൻ്റ്സ്. മത്സരത്തിൽ 196 റൺസിൻ്റെ വിജയലക്ഷ്യം ഉയർത്തിയ ലഖ്നൗ മറുപടി ബാറ്റിങിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസിനെ നിശ്ചിത 20 ഓവറിൽ 189 റൺസ് നേടാൻ മാത്രമേ അനുവദിച്ചുള്ളൂ. മത്സരത്തിലെ വിജയത്തോടെ പോയിൻ്റ് ടേബിളിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സ് രണ്ടാം സ്ഥാനത്തെത്തി.

( Picture Source : IPL )

തുടക്കത്തിൽ തന്നെ ഡേവിഡ് വാർണറെയും പൃഥ്വി ഷായെയും നഷ്ടപെട്ടുവെങ്കിലും ക്യാപ്റ്റൻ റിഷഭ് പന്തും മിച്ചൽ മാ തകർത്തടിച്ചതോടെ പവർപ്ലേയിൽ 66 റൺസ് ഡൽഹി കൂട്ടിച്ചേർത്തു. എന്നാൽ 20 പന്തിൽ 37 റൺസ് നേടിയ മിച്ചൽ മാർഷും 30 പന്തിൽ 44 റൺസ് നേടിയ റിഷഭ് പന്തും പുറത്തായത് ഡൽഹിയ്ക്ക് തിരിച്ചടിയായി. തുടർന്ന് 21 പന്തിൽ 35 റൺസ് നേടിയ റോവ്മാൻ പവലും 24 പന്തിൽ 42 റൺസ് നേടിയ അക്ഷർ പട്ടേലും 8 പന്തിൽ 16 റൺസ് നേടിയ കുൽദീപ് യാദവും തിളങ്ങിയെങ്കിലും നിശ്ചിത ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ലഖ്നൗ മത്സരം കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു.

( Picture Source : IPL )

ലഖ്നൗ സൂപ്പർ ജയൻ്റ്സിന് വേണ്ടി മോഹ്സിൻ ഖാൻ നാലോവറിൽ 16 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി.

മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിങിനിറങ്ങിയ ലഖ്നൗ സൂപ്പർ ജയൻ്റ്സ് 51 പന്തിൽ 4 ഫോറും 5 സിക്സുമടക്കം 77 റൺസ് നേടിയ ക്യാപ്റ്റൻ കെ എൽ രാഹുലിൻ്റെയും 34 പന്തിൽ 52 റൺസ് നേടിയ ദീപക് ഹൂഡയുടെയും മികവിലാണ് മികച്ച സ്കോറിൽ എത്തിയത്.

( Picture Source : IPL )

ഡൽഹി ക്യാപിറ്റൽസിന് വേണ്ടി ഷാർദുൽ താക്കൂർ മൂന്ന് വിക്കറ്റ് നേടിയെങ്കിലും മറ്റു ബൗളർമാർക്ക് മികച്ച പിന്തുണ നൽകുവാൻ സാധിച്ചില്ല.

( Picture Source : IPL )