ഈ ഐ പി എൽ സീസണിലെ തൻ്റെ മോശം ഫോം തുടരുകയാണ് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. ബർത്ത്ഡേയിൽ ഹിറ്റ്മാനിൽ നിന്നും മികച്ച പ്രകടനം ഉണ്ടാകുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ 2 റൺസ് മാത്രം നേടി ഹിറ്റ്മാൻ പുറത്താവുകയായിരുന്നു.

ഇന്ത്യൻ ടീമിലെ സഹതാരം രവിചന്ദ്രൻ അശ്വിനാണ് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനെ പുറത്താക്കിയത്. രോഹിത് ശർമ്മയുടെ വിക്കറ്റ് അശ്വിൻ ആഘോഷിച്ചപ്പോൾ ഗ്യാലറിയിലുണ്ടായിരുന്ന അശ്വിൻ്റെ ഭാര്യ പ്രീതി വിക്കറ്റ് സെലിബ്രേറ്റ് ചെയ്തില്ല. പകരം രോഹിത് ശർമ്മയുടെ വിക്കറ്റിൽ നിരാശയായി വിഷമിച്ചിരുന്ന രോഹിത് ശർമ്മയുടെ ഭാര്യ റിതികയ്ക്കരികിലേക്ക് ഓടിയെത്തിയ പ്രീതി കെട്ടിപിടിച്ച് റിതികയെ ആശ്വസിപ്പിച്ചു.
വീഡിയോ ;
Com’on ASh 😍 pic.twitter.com/3k7hyS3XsJ
— Krishna Tiwari (@krishnaa_ti) April 30, 2022
സീസണിൽ 9 മത്സരങ്ങളിൽ നിന്നും 17.22 ശരാശരിയിൽ 155 റൺസ് മാത്രമാണ് രോഹിത് ശർമ്മ നേടിയിട്ടുള്ളത്. രോഹിത് ശർമ്മയുടെ ഫോം മുംബൈ ഇന്ത്യൻസിന് മാത്രമല്ല ഇന്ത്യൻ ടീമിനും ആശങ്കയുയർത്തുന്നുണ്ട്. വൈകാതെ തന്നെ ഹിറ്റ്മാൻ ഫോമിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് നേടി. 52 പന്തിൽ 67 റൺസ് നേടിയ ജോസ് ബട്ട്ലറും 9 പന്തിൽ 21 റൺസ് നേടിയ രവിചന്ദ്രൻ അശ്വിനുമാണ് രാജസ്ഥാൻ റോയൽസിന് വേണ്ടി തിളങ്ങിയത്. സഞ്ജു സാംസൺ 7 പന്തിൽ 16 റൺസ് നേടി പുറത്തായി.
