Skip to content

വിജയവഴിയിൽ സി എസ് കെ തിരിച്ചെത്തുമോ, ക്യാപ്റ്റൻ സ്ഥാനം എം എസ് ധോണിയ്ക്ക് കൈമാറി രവീന്ദ്ര ജഡേജ

സീസണിലെ തുടർതോൽവികൾക്ക് പുറകെ ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ സ്ഥാനം മഹേന്ദ്ര സിങ് ധോണിയ്ക്ക് കൈമാറി രവീന്ദ്ര ജഡേജ. ഔദ്യോഗിക പ്രസ്താവനയിലൂടെ ചെന്നൈ സൂപ്പർ കിങ്സാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.

കളിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ ജഡേജ തീരുമാനിച്ചത്. ധോണിയോട് ക്യാപ്റ്റൻ സ്ഥാനം വീണ്ടും ഏറ്റെടുക്കാൻ ജഡേജ അഭ്യർത്ഥിക്കുകയും ജഡേജയുടെ അഭ്യർത്ഥന എം എസ് ധോണി അംഗീകരിക്കുകയും ചെന്നൈ സൂപ്പർ കിങ്സിൻ്റെ ക്യാപ്റ്റനായി വീണ്ടും സ്ഥാനമേൽക്കുകയും ചെയ്തു.

സീസണിന് തൊട്ടുമുൻപേയാണ് എം എസ് ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയും ജഡേജ ക്യാപ്റ്റനാവുകയും ചെയ്തത്. എന്നാൽ ധോണിയുടെയും ഒപ്പം മറ്റു സീനിയർ താരങ്ങളുടെ സാന്നിധ്യത്തിലും മികച്ച തുടക്കം സമ്മാനിക്കാൻ ജഡേജയ്ക്ക് സാധിച്ചില്ല. എട്ട് മത്സരങ്ങളിൽ നിന്നും രണ്ട് വിജയം മാത്രം നേടി പോയിൻ്റ് ടേബിളിൽ ഒമ്പതാം സ്ഥാനത്താണ് ചെന്നൈ സൂപ്പർ കിങ്സുള്ളത്. ആർ സീ ബിയെയും മുംബൈ ഇന്ത്യൻസിനെതിരെയുമാണ് സീസണിൽ ചെന്നൈ സൂപ്പർ കിങ്സ് വിജയിച്ചത്.

ക്യാപ്റ്റൻ സ്ഥാനം ജഡേജയുടെ പ്രകടനത്തെയും ബാധിച്ചത് ടീമിന് കൂടുതൽ തിരിച്ചടിയായി. തൻ്റെ മികവ് പുറത്തെടുക്കാൻ ഒരു മത്സരത്തിലും ജഡേജയ്ക്ക് സാധിച്ചില്ല. 8 മത്സരങ്ങളിൽ നിന്നും 22.40 ശരാശരിയിൽ 112 റൺസ് നേടിയ ജഡേജയ്ക്ക് 5 വിക്കറ്റ് മാത്രമാണ് സീസണിൽ നേടാൻ സാധിച്ചത്.

സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ എം എസ് ധോണിയായിരിക്കും ചെന്നൈ സൂപ്പർ കിങ്സിനെ നയിക്കുക. ആ മത്സരമടക്കം ഇനി ആറ് മത്സരങ്ങളാണ് ചെന്നൈ സൂപ്പർ കിങ്സിന് ശേഷിക്കുന്നത്. ധോണി ക്യാപ്റ്റനായി എത്തുന്നതോടെ ജഡേജയും ഒപ്പം ടീമും പഴയ ഫോമിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.