Skip to content

ഗുജറാത്ത് ടൈറ്റൻസിനെതിരായ ഫിഫ്റ്റി, ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് വിരാട് കോഹ്ലി

ഈ ഐ പി എൽ സീസണിലെ തൻ്റെ ആദ്യ ഫിഫ്റ്റി നേടിയിരിക്കുകയാണ് വിരാട് കോഹ്ലി. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ 45 പന്തിൽ നിന്നുമാണ് വിരാട് കോഹ്ലി ഫിഫ്റ്റി പൂർത്തിയാക്കിയത്. തൻ്റെ മികവിനൊത്ത പ്രകടനം ആയിരുന്നില്ലെങ്കിൽ കൂടിയും ഫോമിൽ തിരിച്ചെത്തുന്നതിൻ്റെ സൂചനകൾ കോഹ്ലി നൽകി. മത്സരത്തിലെ ഫിഫ്റ്റിയോടെ ടി20 ക്രിക്കറ്റിൽ ഒരു തകർപ്പൻ റെക്കോർഡ് കൂടെ സ്വന്തമാക്കുവാൻ കോഹ്ലിയ്ക്ക് സാധിച്ചു.

( Picture Source : BCCI )

45 പന്തിൽ ഫിഫ്റ്റി നേടിയ കോഹ്ലി 53 പന്തിൽ 58 റൺസ് നേടിയാണ് പുറത്തായത്. 6 ഫോറും ഒരു സിക്സും കോഹ്ലിയുടെ ബാറ്റിൽ നിന്നും പിറന്നു.

ഇത് അമ്പതാം തവണയാണ് ആർ സീ ബിയ്ക്ക് വേണ്ടി വിരാട് കോഹ്ലി 50+ സ്കോർ നേടുന്നത്. ഇതോടെ ടി20 ക്രിക്കറ്റിൽ ഒരു ടീമിന് വേണ്ടി 50 തവണ 50+ സ്കോർ നേടുന്ന ആദ്യ ബാറ്റ്സ്മാനെന്ന റെക്കോർഡ് വിരാട് കോഹ്ലി സ്വന്തമാക്കി. ഐ പി എല്ലിൽ ആർ സീ ബിയ്ക്ക് വേണ്ടി 43 ഫിഫ്റ്റിയും 5 സെഞ്ചുറിയും നേടിയിട്ടുള്ള കോഹ്ലി ചാമ്പ്യൻസ് ലീഗിൽ ആർ സീ ബിയ്ക്ക് വേണ്ടി രണ്ട് ഫിഫ്റ്റി നേടിയിട്ടുണ്ട്.

( Picture Source : BCCI )

സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടി 42 തവണ 50+ സ്കോർ നേടിയ ഡേവിഡ് വാർണർ, ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി 40 തവണ 50+ സ്കോർ നേടിയ സുരേഷ് റെയ്ന, 39 തവണ ആർ സീ ബിയ്ക്ക് വേണ്ടി 50+ സ്കോർ നേടിയ എബി ഡിവില്ലിയേഴ്സ് എന്നിവരാണ് കോഹ്ലിയ്ക്ക് പിന്നിലുള്ളത്.

( Picture Source : BCCI )

ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ ബാറ്റ്സ്മാനെന്ന നേട്ടവും വിരാട് കോഹ്ലിയുടെ പേരിലാണ്. ഫിഫ്റ്റി നേടി കോഹ്ലി ഫോമിൻ്റെ സൂചനകൾ നൽകിയത് ഇന്ത്യൻ ടീമിനെ സംബന്ധിച്ചും ശുഭസൂചനയാണ്.

( Picture Source : BCCI )