Skip to content

അത് ടീമിൻ്റെ തീരുമാനമായിരുന്നു, 2011 ലോകകപ്പ് ഫൈനലിൽ തനിക്ക് മുൻപേ ധോണി ഇറങ്ങിയതിനെ കുറിച്ച് യുവരാജ് സിങ്

2011 ഏകദിന ലോകകപ്പ് ഫൈനലിൽ തനിക്ക് മുൻപേ ക്യാപ്റ്റൻ എം എസ് ധോണി ബാറ്റിങിനിറങ്ങിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുൻ ഇന്ത്യൻ ഓൾ റൗണ്ടർ യുവരാജ് സിങ്. ശ്രീലങ്കയ്ക്കെതിരായ ഫൈനൽ പോരാട്ടത്തിൽ വിരാട് കോഹ്ലി പുറത്തായതിന് പുറകെ നാലാമനായി ക്രീസിലെത്തിയത് എം എസ് ധോണിയായിരുന്നു. 91 റൺസ് പുറത്താകാതെ നിന്ന ധോണി ഗൗതം ഗംഭീറിനൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയർത്തുകയും ഒടുവിൽ 28 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയ്ക്ക് ലോകകപ്പ് നേടികൊടുക്കുകയും ചെയ്തു.

275 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് 31 റൺസ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ നഷ്ടപെട്ടിരുന്നു. തുടർന്ന് മൂന്നാം വിക്കറ്റിൽ 83 റൺസ് കൂട്ടിച്ചേർത്തുകൊണ്ട് കോഹ്ലിയും ഗംഭീറുമാണ് ഇന്ത്യയെ മത്സരത്തിൽ തിരിച്ചെത്തിച്ചത്. 22 ആം ഓവറിൽ വിരാട് കോഹ്ലിയെ നഷ്ടപെട്ട ശേഷം യുവരാജ് സിങിന് പകരം ധോണിയാണ് ക്രീസിലെത്തിയത്. തുടർന്ന് നാലാം വിക്കറ്റിൽ ഗംഭീറിനൊപ്പം 109 റൺസ് കൂട്ടിച്ചേർത്ത ധോണി പിന്നീട് യുവരാജിനെ കൂട്ടുപിടിച്ച് വിജയലക്ഷ്യം 10 പന്തുകൾ ബാക്കിനിൽക്കെ മറികടക്കുകയായിരുന്നു.

” 2011 ലോകകപ്പ് ഫൈനലിൽ മഹി എനിക്ക് മുൻപേ ബാറ്റ് ചെയ്യുവാൻ ഇറങ്ങിയത് ടീമിൻ്റെ തീരുമാനമായിരുന്നു. വിരാട് കോഹ്ലിയും ഗൗതം ഗംഭീറും മാന്യമായ കൂട്ടുകെട്ട് പടുത്തുയർത്തിയപ്പോൾ ഡ്രസിങ് റൂമിൽ ചർച്ച നടന്നിരുന്നു. ”

” വീരുവും സച്ചിനും ഗാരിയും ധോണിയും ചർച്ച നടത്തി ലെഫ്റ്റ് – റൈറ്റ് കോംബിനേഷൻ ആവശ്യമാണെന്ന് തീരുമാനിച്ചു. കാരണം രണ്ട് ഓഫ് സ്പിന്നർമാർ ആ സമയം പന്തെറിയുന്നുണ്ടായിരുന്നു. വിരാട് ഔട്ടായൽ ധോണി ഇറങ്ങുമെന്നും ഗംഭീർ ഔട്ടായാൽ ഞാൻ ബാറ്റിങിനിറങ്ങുമെന്നും തീരുമാനിച്ചു. ” അടുത്തിടെ നടന്ന അഭിമുഖത്തിൽ യുവരാജ് സിങ് പറഞ്ഞു.

ടൂർണമെൻ്റിൽ ഇന്ത്യൻ വിജയത്തിൽ ഏറ്റവുമധികം പങ്കുവഹിച്ചത് യുവരാജ് സിങിൻ്റെ ഓൾ റൗണ്ടർ പ്രകടനമായിരുന്നു. 8 ഇന്നിങ്സിൽ നിന്നും 90.50 ശരാശരിയിൽ 362 റൺസ് നേടിയ യുവി 9 മത്സരങ്ങളിൽ നിന്നും 15 വിക്കറ്റുകൾ നേടിയിരുന്നു. ഈ തകർപ്പൻ പ്രകടനത്തിൻ്റെ മികവിൽ പ്ലേയർ ഓഫ് ദി ടൂർണമെൻ്റ് അവാർഡും യുവരാജ് സ്വന്തമാക്കി.