Skip to content

കുതിപ്പ് തുടർന്ന് ലഖ്നൗ സൂപ്പർ ജയൻ്റ്സ്, പഞ്ചാബിനെ തകർത്ത് സ്വന്തമാക്കിയത് സീസണിലെ ആറാം വിജയം

പഞ്ചാബ് കിങ്സിനെ റൺസിന് 20 തകർത്ത് സീസണിലെ ആറാം വിജയം നേടി ലഖ്നൗ സൂപ്പർ ജയൻ്റ്സ്. മത്സരത്തിൽ ലഖ്നൗ ഉയർത്തിയ 154 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന പഞ്ചാബ് കിങ്സിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 133 റൺസ് നേടാൻ മാത്രമെ സാധിച്ചുള്ളൂ. സീസണിലെ പഞ്ചാബ് കിങ്സിൻ്റെ അഞ്ചാം തോൽവിയാണിത്.

( Picture Source : IPL )

നാലോവറിൽ 11 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ക്രുനാൽ പാണ്ഡ്യ, നാലോവറിൽ 24 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ മോഹ്സിൻ ഖാൻ, രണ്ട് വിക്കറ്റ് നേടിയ ചമീര എന്നിവരാണ് പഞ്ചാബ് കിങ്സിനെ ചുരുക്കികെട്ടിയത്.

28 പന്തിൽ 32 റൺസ് നേടിയ ജോണി ബെയർസ്റ്റോയും 17 പന്തിൽ 25 റൺസ് നേടിയ ക്യാപ്റ്റൻ മായങ്ക് അഗർവാളും മാത്രമാണ് പഞ്ചാബ് കിങ്സ് നിരയിൽ അൽപ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ സൂപ്പർ ജയൻ്റ്സ് 37 പന്തിൽ 46 റൺസ് നേടിയ ക്വിൻ്റൻ ഡീകോക്ക്, 28 പന്തിൽ 34 റൺസ് നേടിയ ദീപക് ഹൂഡ, 10 പന്തിൽ 17 റൺസ് നേടിയ ചമീര എന്നിവരുടെ മികവിലാണ് പൊരുതാവുന്ന സ്കോർ നേടിയത്.

( Picture Source : IPL )

പഞ്ചാബ് കിങ്സിന് വേണ്ടി കഗിസോ റബാഡ നാലോവറിൽ 38 റൺസ് വഴങ്ങി നാല് വിക്കറ്റും രാഹുൽ ചഹാർ രണ്ട് വിക്കറ്റും വീഴ്ത്തി. മേയ് ഒന്നിന് ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് ലഖ്നൗ സൂപ്പർ ജയൻ്റ്സിൻ്റെ അടുത്ത മത്സരം. മേയ് മൂന്നിന് ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് പഞ്ചാബിൻ്റെ അടുത്ത മത്സരം.

( Picture Source : IPL )