Skip to content

എത്രത്തോളം അപകടകാരിയാണെന്ന് അവൻ ലോകത്തിന് കാണിച്ചു കൊടുത്തു, റിയാൻ പരാഗിനെ പ്രശംസിച്ച് സഞ്ജു സാംസൺ

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത് ടീമിനെ വിജയത്തിലെത്തിച്ച യുവതാരം റിയാൻ പരാഗിനെ പ്രശംസിച്ച് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. താൻ എത്രത്തോളം കഴിവുള്ള താരമാണെന്ന് ലോകത്തിന് മുൻപിൽ പരാഗ് കാണിച്ചുകൊടുത്തുവെന്നും വലിയ വിശ്വാസമാണ് പരാഗിൽ തങ്ങൾക്കുള്ളതെന്നും സഞ്ജു സാംസൺ പറഞ്ഞു.

( Picture Source : IPL )

മത്സരത്തിൽ ടോസ് നഷ്ടപെട്ട് ബാറ്റിങിനിറങ്ങിയ രാജസ്ഥാൻ റോയൽസിന് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടപെട്ടിരുന്നു. 100 റൺസ് എടുക്കുന്നതിന് മുൻപേ പകുതി ബാറ്റ്സ്മാന്മാരെ നഷ്ടപെട്ട റോയൽസിനെ ഐ പി എല്ലിലെ തൻ്റെ രണ്ടാം ഫിഫ്റ്റി നേടിയ റിയാൻ പരാഗാണ് മികച്ച സ്കോറിലേക്ക് നയിച്ചത്. 31 പന്തിൽ 3 ഫോറും 4 സിക്സുമടക്കം പുറത്താകാതെ 56 റൺസ് പരാഗ് നേടി.

( Picture Source : IPL )

” ഞങ്ങൾക്ക് ലഭിച്ച തുടക്കം വെച്ചുനോക്കുമ്പോൾ ഇതൊരു വലിയ വിജയമാണ്. റിയാൻ പരാഗിൽ ഞങ്ങൾക്ക് വലിയ വിശ്വാസമാണുള്ളത്. കഴിഞ്ഞ നാല് വർഷമായി ഞങ്ങൾ അവനെ പിന്തുണയ്ക്കുന്നു. ടീമിലെ ഓരോ കളിക്കാരനും സപ്പോർട്ട് സ്റ്റാഫിനും അവനിൽ വലിയ വിശ്വാസമാണുള്ളത്. എത്രത്തോളം അപകടകാരിയാകാൻ സാധിക്കുമെന്ന് ഇന്നവൻ ലോകത്തിന് കാണിച്ചുകൊടുത്തു. ” സഞ്ജു സാംസൺ പറഞ്ഞു.

( Picture Source : IPL )

” ഇത് പോലുള്ള സാഹചര്യത്തിൽ 140-150 ടോട്ടലുകൾ പിന്തുടരുമ്പോൾ ഗിയർ ചേഞ്ച് ചെയ്യുകയെന്നത് ബാറ്റ്സ്മാന്മാരെ സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. മികച്ച ബൗളർമാർ ഞങ്ങൾക്കുണ്ട്, അതുകൊണ്ട് തന്നെ സമ്മർദ്ദം ചെലുത്തുക മാത്രമാണ് വേണ്ടിയിരുന്നത്. “

” ഡ്രസിങ് റൂം അന്തരീക്ഷം വളരെ പ്രധാനമാണ്, എതിരാളികൾക്കും വിക്കറ്റിനും അനുസരിച്ച് ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. എന്നാൽ അതിൽ ആശയവിനിമയം നടത്തേണ്ടത് പ്രധാനമാണ്. ഉഉദാഹരണത്തിന് കരുണിന് ഈ മത്സരത്തിൽ കളിക്കാനായില്ല, കാരണം ഡാരൽ മിച്ചലിൽ നിന്നും ഒരോവർ ഞങ്ങൾക്ക് ആവശ്യമായിരുന്നു. അത് മനസ്സിലാക്കിയതിൽ അവന് ക്രെഡിറ്റ് നൽകേണ്ടതുണ്ട്. ഇനി വരും മത്സരങ്ങളിൽ അവൻ തിരിച്ചെത്തും. ” സഞ്ജു സാംസൺ പറഞ്ഞു.

( Picture Source : IPL )

സീസണിലെ ആറാം വിജയം നേടിയ സഞ്ജുവും കൂട്ടരും പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെതുകയും ചെയ്തു. ഏപ്രിൽ 30 ന് മുംബൈ ഇന്ത്യൻസിനെതിരെയാണ് രാജസ്ഥാൻ റോയൽസിൻ്റെ അടുത്ത മത്സരം.

( Picture Source : IPL )