തകർപ്പൻ പ്രകടനമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് യുവതാരം റിയാൻ പരാഗ്. താൻ ഏറ്റുവാങ്ങിയ പരിഹാസങ്ങൾക്കുള്ള മറുപടിയായിരുന്നു താരത്തിൻ്റെ ഈ പ്രകടനം. മത്സരത്തിലെ പ്രകടനത്തോടെ ഐ പി എല്ലിൽ അപൂർവ്വനേട്ടം കുറിച്ചിരിക്കുകയാണ് പരാഗ്. മറ്റൊരു ഇന്ത്യൻ താരത്തിനും ഇതിനുമുൻപ് ഈ നേട്ടം സ്വന്തമാക്കുവാൻ സാധിച്ചിട്ടില്ല.

രാജസ്ഥാൻ റോയൽസ് 29 റൺസിന് വിജയിച്ച മത്സരത്തിൽ റിയാൻ പരാഗായിരുന്നു പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് നേടിയത്. തുടക്കത്തിൽ തകർന്ന രാജസ്ഥാൻ റോയൽസിനെ ഫിഫ്റ്റി നേടിയ റിയാൻ പരാഗാണ് പൊരുതാവുന്ന സ്കോറിലെത്തിച്ചത്. ഇതിനൊപ്പം മറുപടി ബാറ്റിങിനിറങ്ങിയ ആർ സീ ബിയ്ക്കേതിരെ നാല് ക്യാച്ചുകൾ പരാഗ് നേടിയിരുന്നു. ഇതോടെ ഒരു ഐ പി എൽ മത്സരത്തിൽ ഫിഫ്റ്റിയും നാല് ക്യാച്ചും നേടുന്ന മൂന്നാമത്തെ താരമെന്ന റെക്കോർഡ് പരാഗ് സ്വന്തമാക്കി.

സൗത്താഫ്രിക്കൻ ഇതിഹാസം ജാക്ക് കാലിസും ഓസ്ട്രേലിയൻ ഇതിഹാസം ആദം ഗിൽക്രിസ്റ്റിമാണ് ഇതിനുമുൻപ് ഐ പി എല്ലിൽ ഈ അപൂർവ്വനേട്ടം സ്വന്തമാക്കിയിട്ടുള്ളത്. 2011 സീസണിൽ ഡെക്കാൻ ചർജേഴ്സിനെതിരെയാണ് കാലിസ് ഈ നേട്ടം കുറിച്ചത്. തൊട്ടടുത്ത സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെയാണ് ഈ നേട്ടം ഗിൽക്രിസ്റ്റ് സ്വന്തമാക്കിയത്.

തൻ്റെ രണ്ടാം ഐ പി എൽ ഫിഫ്റ്റിയാണ് മത്സരത്തിൽ പരാഗ് നേടിയത്. ഇതിനുമുൻപ് 2019 സീസണിൽ ഡൽഹിയ്ക്കെതിരെയാണ് താരം ഫിഫ്റ്റി നേടിയിരുന്നത്. ഐ പി എല്ലിൽ പരാഗിൻ്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ കൂടിയാണിത്.

മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 145 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ആർ സീ ബിയ്ക്ക് 115 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടപെട്ടിരുന്നു. മത്സരത്തിൽ 29 റൺസിന് വിജയിച്ച രാജസ്ഥാൻ റോയൽസ് പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു. സീസണിൽ രാജസ്ഥാൻ റോയൽസിൻ്റെ ആറാം വിജയമാണിത്.
