Skip to content

ബുംറ ഷഹീൻ അഫ്രീദിയോളം അപകടകാരിയല്ല, വലിയ അവകാശവാദവുമായി മുൻ പാകിസ്ഥാൻ താരം

ലോക ക്രിക്കറ്റിലെ നിലവിലെ ഏറ്റവും മികച്ച പേസ് ബൗളർമാരാണ് ഇന്ത്യയുടെ ജസ്പ്രീത് ബുംറയും പാകിസ്ഥാൻ്റെ ഷഹീൻ അഫ്രീദിയും. മൂന്ന് ഫോർമാറ്റിലും ഇരുവരെയും പോലെ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്ന മറ്റു പേസർമാർ വിരളമാണ്. എന്നാൽ ബുംറ ഷഹീൻ അഫ്രീദിയെ പോലെ വലിയ അപകടകാരിയായ ബൗളറെന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക് താരം ആഖിബ് ജാവേദ്.

ബുംറ മാറ്റം സംഭവിക്കാത്ത ബൗളറാണെന്നും പാക് പേസർമാരായ ഹാരിസ് റൗഫ്, ഷഹീൻ അഫ്രീദി എന്നിവരെ പോലെ ബാറ്റ്സ്മാന് ഭീഷണിയുയർത്താൻ ബുംറയ്ക്ക് സാധിക്കില്ലയെന്നും പാകിസ്ഥാന് വേണ്ടി 180 ലധികം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുള്ള ജാവേദ് പറഞ്ഞു.

” കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഹാരിസ് റൗഫ് പന്തെറിഞ്ഞ രീതി നോക്കൂ, അവൻ്റെ ശരാശരി വേഗത ലോകത്തെ ഏറ്റവും വേഗതയേറിയതാണ്. അവൻ്റെ ആക്രമണോത്സുകത, അവൻ ബാറ്റ്സ്മാന് നേരെ ഓടിയടുക്കുന്ന രീതി, പക്ഷേ ബുംറ അത്രയും അഗ്രസീവല്ല. അഗ്രസീവായുള്ള ബൗളർമാരെയാണ് ആളുകൾ ഇഷ്ടപെടുന്നത്. ഷഹീൻ അഫ്രീദിയുടെ ഗ്രാഫ് ഉയർന്നുകൊണ്ടിരിക്കുന്നു. ബുംറയാകട്ടെ മാറ്റമൊന്നുമില്ലാതെ തുടരുന്നു.”

” ടെസ്റ്റിലായാലും ഏകദിനത്തിലായാലും ടി20 യിലായാലും ഷഹീൻ അഫ്രീദിയോളം ഭീഷണി ഉയർത്താൻ ബുംറയ്ക്ക് സാധിക്കുന്നില്ല. പാകിസ്ഥാൻ ക്രിക്കറ്റിൻ്റെ ഉയർച്ച പ്രധാനമായും ഷഹീൻ അഫ്രീദി, ബാബർ അസം, മൊഹമ്മദ് റിസ്വാൻ, ഹാരിസ് റൗഫ്, ഷദാബ് ഖാൻ എന്നിവരെ ആശ്രയിച്ചാണുള്ളത്. ” ജാവേദ് പറഞ്ഞു.

ഐസിസി ടെസ്റ്റ് റാങ്കിങിൽ ജസ്പ്രീത് ബുംറ മൂന്നാം സ്ഥാനത്തും ഷഹീൻ അഫ്രീദി തൊട്ടുപുറകിൽ നാലാം സ്ഥാനത്തുമാണുള്ളത്. ഏകദിന റാങ്കിങിൽ ബുംറ ആറാം സ്ഥാനത്തും ഷഹീൻ അഫ്രീദി ഏഴാം സ്ഥാനത്തുമാണുള്ളത്.