ചങ്ങാത്തം കളിക്കളത്തിന് പുറത്തുപോരെ, പൊള്ളാർഡിനെ ചുംബിച്ച ക്രുനാൽ പാണ്ഡ്യയെ വിമർശിച്ച് മുൻ ഇന്ത്യൻ താരം

മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ കീറോൺ പൊള്ളാർഡിനെ പുറത്താക്കി തലയിൽ ചുംബിച്ചുകൊണ്ട് സെൻഡ് ഓഫ് നൽകിയ ലഖ്നൗ സൂപ്പർ ജയൻ്റ്സ് ഓൾ റൗണ്ടർ ക്രുനാൽ പാണ്ഡ്യയെ വിമർശിച്ച് മുൻ മുംബൈ ഇന്ത്യൻസ് താരം പാർത്ഥിവ് പട്ടേൽ.

( Picture Source : IPL / BCCI )

മുംബൈ ഇന്ത്യൻസ് തോൽവി ഉറപ്പിച്ച ശേഷം അവസാന ഓവറിലാണ് പൊള്ളാർഡിൻ്റെ വിക്കറ്റ് ക്രുനാൽ നേടിയത്. റൺസ് കണ്ടെത്താൻ കഴിയാത്തതിൻ്റെ നിരാശയിൽ മടങ്ങുകയായിരുന്നു പൊള്ളാർഡിനെ താരം ചാടികൊണ്ട് തലയിൽ ചുംബിക്കുകയായിരുന്നു. അടുത്ത ചങ്ങാതിമാരാണെങ്കിലും യാതൊരു പ്രതികരണവും പൊള്ളാർഡിൻ്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. ക്രുനാൽ പാണ്ഡ്യയുടെ ഈ പ്രവൃത്തിയെ കമൻ്ററി ചെയ്യുകയായിരുന്ന സുനിൽ ഗവാസ്കറും വിമർശിച്ചിരുന്നു. പൊള്ളാർഡ് ഒന്നും ചെയ്യാതിരുന്നത് ക്രുനാലിൻ്റെ ഭാഗ്യമെന്നായിരുന്നു ഗവാസ്കറുടെ പ്രതികരണം.

” ക്രുനാലും പൊള്ളാർഡും നല്ല സുഹൃത്തുക്കളാണ്. എന്നാൽ കളിക്കളത്തിൽ കാര്യങ്ങൾ വ്യത്യസ്തമാണ്. പൊള്ളാർഡിന് റൺസ് നേടുവാൻ സാധിച്ചിരുന്നില്ല. മുംബൈ ഇന്ത്യൻസ് മത്സരത്തിൽ തോൽവിയുടെ വക്കിലായിരുന്നു. ആ ഘട്ടത്തിൽ കളിക്കാർക്ക് അവരുടേതായ ഇടം നൽകേണ്ടതുണ്ട്. കളിക്കളത്തിന് പുറത്ത് വർഷം മുഴുവനും നിങ്ങൾക്ക് ആവശ്യമുള്ളത്ര കളിയാക്കാം, പക്ഷേ ക്രുനാലിൻ്റെ ഈ പ്രതികരണം അതിരുകടന്നതായി എനിക്ക് തോന്നി. ” പാർത്ഥിവ് പട്ടേൽ പറഞ്ഞു.

സീസണിലെ തുടർച്ചയായ എട്ടാം പരാജയമാണ് മുംബൈ ഇന്ത്യൻസ് ഏറ്റുവാങ്ങിയത്. മത്സരത്തിൽ ക്യാപ്റ്റൻ കെ എൽ രാഹുലിൻ്റെ സെഞ്ചുറി മികവിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സ് ഉയർത്തിയ 169 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന മുംബൈ ഇന്ത്യൻസിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് നേടുവാൻ മാത്രമേ സാധിച്ചുള്ളൂ. 39 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മയും 38 റൺസ് നേടിയ തിലക് വർമ്മയും മാത്രമേ അൽപ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം മുംബൈ ഇന്ത്യൻസിനായി കാഴ്ച്ചവെച്ചുള്ളൂ.

( Picture Source : IPL / BCCI )