Skip to content

വാങ്കഡെയിലും രക്ഷയില്ല, തുടർച്ചയായ എട്ടാം പരാജയം ഏറ്റുവാങ്ങി മുംബൈ ഇന്ത്യൻസ്

ഐ പി എൽ 2022 ലെ ദയനീയ പ്രകടനം തുടർന്ന് മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്. ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിൽ 36 റൺസിനാണ് മുംബൈ ഇന്ത്യൻസ് പരാജയപെട്ടത്. സീസണിലെ മുംബൈ ഇന്ത്യൻസിൻ്റെ തുടർച്ചയായ എട്ടാം പരാജയമാണിത്. മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സ് ഉയർത്തിയ 169 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന മുംബൈ ഇന്ത്യൻസിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് നേടാനെ സാധിച്ചുള്ളൂ.

( Picture Source : IPL / BCCI )

31 പന്തിൽ 39 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മയും 27 പന്തിൽ 38 റൺസ് നേടിയ തിലക് വർമ്മയും മാത്രമേ മുംബൈ ഇന്ത്യൻസ് നിരയിൽ അൽപ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തുള്ളൂ.

ലഖ്നൗ സൂപ്പർ ജയൻ്റ്സിന് വേണ്ടി ക്രുനാൽ പാണ്ഡ്യ 19 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. സീസണിലെ അഞ്ചാം വിജയമാണ് മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സ് നേടിയത്.

( Picture Source : IPL / BCCI )

മത്സരത്തിൽ ടോസ് നഷ്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ സൂപ്പർ ജയൻ്റ്സ് സെഞ്ചുറി നേടിയ ക്യാപ്റ്റൻ കെ എൽ രാഹുലിൻ്റെ മികവിലാണ് മികച്ച സ്കോർ നേടിയത്. സീസണിലെ തൻ്റെ രണ്ടാം സെഞ്ചുറി നേടിയ കെ എൽ രാഹുൽ 62 പന്തിൽ 12 ഫോറും 4 സിക്സുമടക്കം 103 റൺസ് നേടി പുറത്താകാതെ നിന്നു. എന്നാൽ ക്യാപ്റ്റന് വേണ്ടത്ര പിന്തുണ നൽകുവാൻ മറ്റാർക്കും സാധിച്ചില്ല. 22 പന്തിൽ 22 റൺസ് നേടിയ മനീഷ് പാണ്ഡെയാണ് കെ എൽ രാഹുലിന് ശേഷം ഏറ്റവും ഉയർന്ന സ്കോർ നേടിയത്.

( Picture Source : IPL / BCCI )

മുംബൈ ഇന്ത്യൻസിന് വേണ്ടി പൊള്ളാർഡ് റൈലി മെറഡിത് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. ഏപ്രിൽ 29 ന് പഞ്ചാബ് കിങ്സിനെതിരെയാണ് ലഖ്നൗ സൂപ്പർ ജയൻ്റ്സിൻ്റെ അടുത്ത മത്സരം. തൊട്ടടുത്ത ദിവസം രാജസ്ഥാൻ റോയൽസിനെതിരെയാണ് മുംബൈ ഇന്ത്യൻസിൻ്റെ അടുത്ത മത്സരം.

( Picture Source : IPL / BCCI )