Skip to content

ഇനി കോഹ്ലി പിന്നിൽ, തകർപ്പൻ നേട്ടത്തിൽ ഹിറ്റ്മാനൊപ്പമെത്തി കെ എൽ രാഹുൽ

ഈ ഐ പി എൽ സീസണിലെ രണ്ടാം സെഞ്ചുറിയോടെ വമ്പൻ റെക്കോർഡ് സ്വന്തമാക്കി ലഖ്നൗ സൂപ്പർ ജയൻ്റ്സ് ക്യാപ്റ്റൻ കെ എൽ രാഹുൽ. മുംബൈ ഇന്ത്യൻസിനെതിരെ നേടിയ തകർപ്പൻ സെഞ്ചുറിയോടെ വിരാട് കോഹ്ലിയെ പിന്നിലാക്കിയ കെ എൽ രാഹുൽ വമ്പൻ നേട്ടത്തിൽ ഇന്ത്യൻ ക്യാപ്റ്റനും മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനുമായ രോഹിത് ശർമ്മയ്ക്കൊപ്പമാണ് എത്തിയത്.

( Picture Source : IPL / BCCI )

സീസണിലെ കെ എൽ രാഹുലിൻ്റെ രണ്ടാം സെഞ്ചുറിയാണിത്. മുംബൈ ഇന്ത്യൻസിനെതിരെയാണ് രണ്ട് സെഞ്ചുറിയും രാഹുൽ നേടിയത്. ഐ പി എല്ലിലെ കെ എൽ രാഹുലിൻ്റെ നാലാം സെഞ്ചുറിയും ടി20 ക്രിക്കറ്റിലെ ആറാം സെഞ്ചുറിയുമാണിത്.

ഇതോടെ ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ രോഹിത് ശർമ്മയ്ക്കൊപ്പം കെ എൽ രാഹുലെത്തി. അന്താരാഷ്ട്ര ടി20 യിൽ നാല് സെഞ്ചുറിയടക്കം ടി20 ക്രിക്കറ്റിൽ 6 സെഞ്ചുറി ഹിറ്റ്മാൻ നേടിയിട്ടുണ്ട്. 5 സെഞ്ചുറി നേടിയിട്ടുള്ള മുൻ ആർ സീ ബി ക്യാപ്റ്റൻ വിരാട് കോഹ്ലിയെ പിന്നിലാക്കിയാണ് കെ എൽ രാഹുൽ രോഹിത് ശർമ്മയ്ക്കൊപ്പമെത്തിയത്.

( Picture Source : IPL / BCCI )

മുംബൈ ഇന്ത്യൻസിനെതിരായ കെ എൽ രാഹുലിൻ്റെ മൂന്നാം സെഞ്ചുറി കൂടിയാണിത്. ഇതോടെ ടി20 ക്രിക്കറ്റിൽ ഒരു ടീമിനെതിരെ മൂന്ന് സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്സ്മാനെന്ന നേട്ടവും കെ എൽ രാഹുൽ സ്വന്തമാക്കി. കൂടാതെ ഒരു ഐ പി എൽ സീസണിൽ ഒരു ടീമിനെതിരെ രണ്ട് സെഞ്ചുറി നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാൻ കൂടിയാണ് കെ എൽ രാഹുൽ. 2016 സീസണിൽ ഗുജറാത്തിനെതിരെ 2 സെഞ്ചുറി നേടിയ വിരാട് കോഹ്ലിയ്ക്കൊപ്പമാണ് കെ എൽ രാഹുൽ എത്തിയത്.

( Picture Source : IPL / BCCI )

സെഞ്ചുറിയോടെ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ ജോസ് ബട്ട്ലർക്ക് പുറകിൽ രണ്ടാം സ്ഥാനത്ത് കെ എൽ രാഹുലെത്തി. സീസണിൽ 8 മത്സരങ്ങളിൽ നിന്നും 368 റൺസ് കെ എൽ രാഹുൽ നേടിയിട്ടുണ്ട്.

( Picture Source : IPL / BCCI )