Skip to content

ഐ പി എൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ 8 ടീം ടോട്ടലുകളിൽ നാലും ഇനി ആർ സീ ബിയ്ക്ക് സ്വന്തം

നിരാശാജനകമായ പ്രകടനമാണ് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ കാഴ്ച്ചവെച്ചത്. മത്സരത്തിൽ 9 വിക്കറ്റിൻ്റെ വമ്പൻ പരാജയമാണ് ആർ സീ ബി ഏറ്റുവാങ്ങിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആർ സി ബിയ്ക്ക് 68 റൺസ് നേടാൻ മാത്രമാണ് സാധിച്ചത്. ഇതോടെ ഐ പി എല്ലിൽ നാണക്കേടിൻ്റെ പടുകുഴിയിൽ വീണിരിക്കുകയാണ് ആർ സീ ബി.

മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ടി നടരാജൻ, മാർക്കോ യാൻസൻ, 2 വിക്കറ്റ് നേടിയ സുചിത് എന്നിവരാണ് ആർ സീ ബിയെ ചുരുക്കികെട്ടിയത്. മറുപടി ബാറ്റിങിൽ 69 റൺസിൻ്റെ വിജയലക്ഷ്യം 8 ഓവറിൽ സൺറൈസേഴ്സ് മറികടന്നു.

ഐ പി എൽ ചരിത്രത്തിലെ ആർ സീ ബിയുടെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ടീം ടോട്ടലും ഐ പി എൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ആറാമത്തെ ടീം ടോട്ടലുമാണിത്. 2017 സിസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 49 റൺസിന് പുറത്തായ ആർ സീ ബിയുടെ പേരിൽ തന്നെയാണ് ഐ പി എൽ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ സ്കോറിന് പുറത്തായ ടീമെന്ന റെക്കോർഡുള്ളത്.

സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ 68 റൺസിന് പുറത്തായതോടെ ഐ പി എൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ എട്ട് ടീം ടോട്ടലിൽ നാലും ആർ സീ ബിയുടെ പേരിലായി. 49 റൺസിന് പുറത്തായതിന് പുറമെ 2019 ൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെയും 2014 ൽ രാജസ്ഥാൻ റോയൽസിനെതിരെയും 70 റൺസിന് ആർ സീ ബി ഓൾ ഔട്ടാക്കപെട്ടിരുന്നു.

സീസണിലെ തുടർച്ചയായ അഞ്ചാം വിജയമാണ് മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് കുറിച്ചത്. വിജയത്തോടെ സൺറൈസേഴ്സ് പോയിൻ്റ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ ആർ സീ ബി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.