അമ്പയറുടെ തീരുമാനം എന്തുതന്നെയായാലും അംഗീകരിക്കേണ്ടതുണ്ട്, സംഭവിച്ചതെല്ലാം നിരാശജനകം, ഷെയ്ൻ വാട്സൺ

ഡൽഹി ക്യാപിറ്റൽസും രാജസ്ഥാൻ റോയൽസും തമ്മിലുള്ള മത്സരത്തിനിടെ നടന്ന സംഭവവികാസങ്ങളിൽ നിരാശ പ്രകടിപ്പിച്ച് ഡൽഹിയുടെ സഹപരിശീലകരിൽ ഒരാളായ ഷെയ്ൻ വാട്സൺ. നടന്നതെല്ലാം സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്നും മത്സരത്തിലെ തങ്ങളുടെ പെരുമാറ്റത്തെ ഒരിക്കലും ന്യായീകിക്കുന്നില്ലയെന്നും ഷെയ്ൻ വാട്സൺ പറഞ്ഞു.

മത്സരത്തിൽ അവസാന ഓവറിൽ അമ്പയറുടെ തീരുമാനത്തിൽ പ്രകോപിതനായി ബാറ്റ്സ്മാന്മാരെ തിരികെ വിളിക്കുകയായിരുന്ന പന്തിനെ ഷെയ്ൻ വാട്സനാണ് പിന്തിരിപ്പിച്ചത്. ബാറ്റ്സ്മാന്മാർ തിരികെ വന്ന് മത്സരം തടസ്സപെട്ടെങ്കിൽ കടുത്ത നടപടി റിഷഭ് പന്ത് നേരിടേണ്ടിവന്നേനെ. സംഭവത്തിനിടെ ഗ്രൗണ്ടിലേക്ക് പരിശീലകൻ പ്രവിൻ ആംറെ എത്തിയതും അംഗീകരിക്കുവാൻ കഴിയാത്തതാണെന്നും മത്സരശേഷം നടന്ന പ്രസ്സ് കോൺഫ്രൻസിൽ വാട്സൺ പറഞ്ഞു.

” ആ അവസാന ഓവറിൽ സംഭവിച്ചതെല്ലാം നിരാശജനകമായിരുന്നു. നിർഭാഗ്യവശാൽ മത്സരത്തിൽ ഞങ്ങൾ ആ സ്ഥനത്തായിരുന്നു. മത്സരത്തിലുടനീളം ഒന്നും തന്നെ കൂട്ടിച്ചേർക്കുവാൻ ഞങ്ങൾക്ക് സാധിച്ചില്ല. എന്തുതന്നെയായാലും ഈ സംഭവവികാസങ്ങളോട് ഞങ്ങൾ നിലകൊള്ളുന്നില്ല. ”

” അമ്പയറുടെ തീരുമാനം അത് തെറ്റോ ശരിയോ നമ്മൾ അത് അംഗീകരിക്കണം. അതിനൊപ്പം തന്നെ ഫീൽഡിൽ ഒരാൾ അനുവാദമില്ലാതെ കടക്കുന്നതും അംഗീകരിക്കാൻ കഴിയാത്തതാണ്. ” ഷെയ്ൻ വാട്സൺ പറഞ്ഞു.

അവസാന ഓവറിലെ അനിഷ്ട സംഭവങ്ങൾ മൂന്ന് സിക്സുകൾ പറത്തിയ റോവ്മാൻ പോവലിൻ്റെ താളം നഷ്ടപെടുത്തിയെന്ന് സമ്മതിച്ച വാട്സൺ വരും മത്സരങ്ങളിൽ വെസ്റ്റിൻഡീസ് പവർ ഹിറ്റർ നേരത്തെ ബാറ്റിങിന് ഇറങ്ങിയേക്കാമെന്ന സൂചനയും നൽകി.

” അമ്പയറുടെ തീരുമാനം നല്ലതായിരുന്നാലും അല്ലെങ്കിലും നിങ്ങൾ അംഗീകരിക്കേണ്ടതുണ്ട്. അത് അംഗീകരിക്കുകയാണ് ഞങ്ങൾ ചെയ്യേണ്ടിയിരുന്നത്. ആ സമയത്ത് ഞാൻ അവരോട് പറഞ്ഞിരുന്നതും ആ കാര്യമാണ്. ആ തീരുമാനത്തോട് യോജിച്ചാലും ഇല്ലെങ്കിലും മത്സരവുമായി മുന്നോട്ട് പോകേണ്ടതുണ്ട്. ചെറുപ്പമായിരിക്കുമ്പോൾ തന്നെ അമ്പയറുടെ തീരുമാനം എന്തുതന്നെയായാലും അംഗീകരിക്കണമെന്നാണ് ഞങ്ങൾ പഠിച്ചിട്ടുള്ളത്. ” ഷെയ്ൻ വാട്സൺ കൂട്ടിച്ചേർത്തു.