സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ ഇന്ത്യൻ പേസർ ഉമ്രാൻ മാലിക്കിൻ്റെ വേഗത തന്നെ ഞെട്ടിച്ചുവെന്ന് മുൻ പാകിസ്ഥാൻ താരം റാഷിദ് ലതീഫ്. ഇത്രയും വേഗത്തിൽ പന്തെറിയാൻ സാധിക്കുന്ന ബൗളർമാരെ കണ്ടെത്തുകയെന്നത് എളുപ്പമല്ലെന്നും വൈകാതെ ഉമ്രാൻ മാലിക്ക് ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിക്കുമെന്നും ലതീഫ് പറഞ്ഞു.

” അവൻ വളരെ വേഗത്തിൽ ബൗൾ ചെയ്യുന്നു. സ്ഥിരമായി 150 കിലോമീറ്റർ വേഗതയിൽ പന്തെറിയുന്ന പേസർമാരെ കണ്ടെത്തുകയെന്നത് എളുപ്പമല്ല. എന്നാൽ 155 കിലോമീറ്റർ വേഗതയിലും പന്തെറിയാനുള്ള കഴിവ് അവനുണ്ട്. അവൻ വേഗതയേറിയ ബൗളറാണ്, അവനെ നേരിടുകയെന്നത് ബാറ്റ്സ്മാനെ സംബന്ധിച്ച് എളുപ്പമല്ല. ”
” ഇപ്പോൾ അവൻ ടി20 ക്രിക്കറ്റിൽ കളിച്ചുകൊണ്ടിരിക്കുകയാണ് വൈകാതെ തന്നെ അവൻ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമെന്ന് ഞാൻ കരുതുന്നു. വളരെയേറെ കാലം കളിക്കുവാൻ അവന് സാധിക്കും. ഇത്തരം ബൗളർമാർ കടന്നുവരുന്നത് ഇന്ത്യയെ സംബന്ധിച്ച് നല്ല സൂചനയാണ്. ” ലതീഫ് പറഞ്ഞു.

” സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടി കളിക്കുന്നതിലൂടെ ഒരുപാട് കാര്യങ്ങൾ അവൻ പഠിക്കുമെന്ന് കരുതുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിനായി അവൻ പരിശീലനം ആരംഭിക്കേണ്ടതുണ്ട്. ഏഷ്യ കപ്പും ലോകകപ്പും വരാനിരിക്കുന്നു. ഓസ്ട്രേലിയയിലെ ബൗൺസുള്ള പിച്ചുകളിൽ അവൻ്റെ സാന്നിധ്യം ഗുണകരമാകും. ”
” മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, ഹാരിസ് റൗഫ് ഇവരുടെയെല്ലാം വേഗതയിൽ ഇപ്പോൾ കുറവ് സംഭവിച്ചു. ഷഹീൻ അഫ്രീദിയ്‌ക്ക് പോലും 145 ന് മുകളിൽ വേഗതയിൽ ബൗൾ ചെയ്യാനാകില്ല. എന്നാൽ ഉമ്രാൻ മാലിക്ക് വ്യത്യസ്തനാണ്. ” റാഷിദ് ലതീഫ് കൂട്ടിച്ചേർത്തു.

സീസണിൽ തകർപ്പൻ പ്രകടനമാണ് ഉമ്രാൻ മാലിക്ക് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. 6 മത്സരങ്ങളിൽ നിന്നും ഇതിനോടകം 9 വിക്കറ്റുകൾ താരം നേടികഴിഞ്ഞു. സീസണിൽ കളിച്ച 6 മത്സരങ്ങളിലും ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞത് ഉമ്രാൻ മാലിക്കായിരുന്നു.
