അവനൊരു ഇടവേള ആവശ്യമാണ്, വിരാട് കോഹ്ലിയുടെ മോശം ഫോമിനെ കുറിച്ച് മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി

മോശം ഫോമിൽ തുടരുന്ന മുൻ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലിയ്‌ക്ക് ക്രിക്കറ്റിൽ നിന്നും ഒരു ഇടവേള അനിവാര്യമാണെന്ന് മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി. ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിൽ നേരിട്ട ആദ്യ പന്തിൽ തന്നെ കോഹ്ലി പുറത്തായിരുന്നു. സീസണിൽ ഇതുവരെയും മികവ് പുറത്തെടുക്കുവാൻ കോഹ്ലിയ്‌ക്ക് സാധിച്ചിട്ടില്ല.

സീസണിൽ ഏഴ് മത്സരങ്ങളിൽ നിന്നും 19.83 ശരാശരിയിൽ 119 റൺസ് നേടാൻ മാത്രമാണ് കോഹ്ലിയ്‌ക്ക് സാധിച്ചത്. ഐ പി എൽ ചരിത്രത്തിൽ ഒരു സീസണിലെ കോഹ്ലിയുടെ ഏറ്റവും മോശം തുടക്കം കൂടിയാണിത്. കൂടാതെ നീണ്ട അഞ്ച് വർഷങ്ങൾക്ക് ശേഷം ഐ പി എല്ലിൽ കോഹ്ലി ഗോൾഡൻ ഡക്കാവുകയും ചെയ്തു.

” ഞാൻ പ്രധാന ആളുടെ കാര്യം തന്നെ ആദ്യം പറയട്ടെ, കോഹ്ലി ഓവർ കുക്കായിരിക്കുന്നു, ആർക്കെങ്കിലും ഇപ്പോൾ ഒരിടവേള ആവശ്യാണെങ്കിൽ അത് അവനാണ്, അത് രണ്ട് മാസമോ ഒന്നര മാസമോ ആയികൊള്ളട്ടെ, ഇംഗ്ലണ്ട് പര്യടനത്തിന് മുൻപോ ശേഷമോ ആയിക്കോട്ടെ. ”

” അവന് ഒരിടവേള അനിവാര്യമാണ്. അവനിൽ ആറോ ഏഴോ വർഷത്തെ ക്രിക്കറ്റ് ഇനിയും ശേഷിക്കുന്നുണ്ട്, ഈ സമ്മർദ്ദത്താൽ അത് നഷ്ടപെടുത്തരുത്. കോഹ്ലി മാത്രമല്ല ലോക ക്രിക്കറ്റിൽ മറ്റു ചിലരും ഇതേ സാഹചര്യത്തിലൂടെ കടന്നുപോകുന്നു. അതേ ഈ പ്രശ്നം മുൻകൂറായി പരിഹരിക്കേണ്ടതുണ്ട്. ” രവി ശാസ്ത്രി പറഞ്ഞു.

അതിനിടെ അവസാന സെഞ്ചുറിയ്‌ക്ക് ശേഷം ഐ പി എല്ലിലും അന്താരാഷ്ട്ര ക്രിക്കറ്റിലും കൂടി 100 മത്സരങ്ങൾ കോഹ്ലി പിന്നിട്ടു. ഈ 100 മത്സരങ്ങളിൽ 30 തവണ ഫിഫ്റ്റി നേടിയെങ്കിലും മൂന്നക്കം കാണുവാൻ കോഹ്ലിയ്ക്ക് സാധിച്ചില്ല.