Skip to content

ഹാട്രിക് അടക്കം ഒരോവറിൽ നാല് വിക്കറ്റ്, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി യുസ്വെന്ദ്ര ചഹാൽ

തകർപ്പൻ പ്രകടനമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് സ്പിന്നർ യുസ്വേന്ദ്ര ചഹാൽ കാഴ്ച്ചവെച്ചത്. മത്സരത്തിൽ ഹാട്രിക് അടക്കം അഞ്ച് വിക്കറ്റുകൾ താരം നേടിയിരുന്നു, ഇതിൽ നാല് വിക്കറ്റും മത്സരത്തിലെ പതിനേഴാം ഓവറിലാണ് താരം വീഴ്ത്തിയത്. ഈ പ്രകടനത്തോടെ ഐ പി എല്ലിൽ തകർപ്പൻ റെക്കോർഡ് കുറിച്ചിരിക്കുകയാണ് ചഹാൽ.

( Picture Source : IPL / BCCI )

178 ന് 4 എന്ന ശക്തമായ നിലയിലായിരുന്ന കെ കെ ആറിനെ 17 ആം ഓവറിൽ ഹാട്രിക് അടക്കം നാല് വിക്കറ്റ് നേടിയ ചഹാലാണ് തകർത്തത്. ആദ്യ പന്തിൽ വെങ്കടേഷ് അയ്യരെ പുറത്താക്കിയ താരം ഓവറിലെ നാലാം പന്തിൽ ശ്രേയസ് അയ്യരെയും തൊട്ടടുത്ത പന്തുകളിൽ ശിവം മാവി, പാറ്റ് കമ്മിൻസ് എന്നിവരെയും പുറത്താക്കി ഹാട്രിക് സ്വന്തമാക്കുകയായിരുന്നു.

( Picture Source : IPL / BCCI )

ഓവറിൽ നാല് വിക്കറ്റ് വീഴ്ത്തിയതോടെ ഐ പി എല്ലിൽ ഒരോവറിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ബൗളറെന്ന നേട്ടത്തിൽ മുൻ ഇന്ത്യൻ സ്പിന്നർ അമിത് മിശ്രയ്ക്കൊപ്പം ചഹാലെത്തി. 2013 സീസണിൽ സൺറൈസേഴ്സിന് വേണ്ടി കളിക്കവെ പുണെ വാരിയേഴ്സിനെതിരെയാണ് അമിത് മിശ്ര ഒരോവറിൽ നാല് വിക്കറ്റ് നേടിയത്.

( Picture Source : IPL / BCCI )

മത്സരത്തിൽ നാലോവറിൽ 40 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ ചഹാൽ നേടിയിരുന്നു. ഇതോടെ ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യൻ ബൗളർമാരുടെ പട്ടികയിൽ അമിത് മിശ്രയെ പിന്നിലാക്കി ചഹാൽ മൂന്നാം സ്ഥാനത്തെത്തി. 264 വിക്കറ്റുകൾ T20 ക്രിക്കറ്റിൽ ചഹാൽ നേടിയിട്ടുണ്ട്. 265 വിക്കറ്റ് നേടിയ രവിചന്ദ്രൻ അശ്വിനും 270 വിക്കറ്റ് നേടിയ പിയൂഷ് ചൗളയുമാണ് ചഹാലിന് പുറകിലുള്ളത്.

( Picture Source : IPL / BCCI )