Skip to content

ഹാട്രിക് നേടി ചഹാൽ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രാജസ്ഥാൻ റോയൽസിന് ആവേശവിജയം

യുസ്വെന്ദ്ര ചഹാലിൻ്റെ ഹാട്രിക് മികവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ആവേശവിജയം നേടി രാജസ്ഥാൻ റോയൽസ്. മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 218 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിൻതുടർന്ന കെ കെ. ആറിന് 19.4 ഓവറിൽ 210 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. സീസണിലെ രാജസ്ഥാൻ റോയൽസിൻ്റെ നാലാം വിജയമാണിത്.

( Picture Source : IPL / BCCI )

ഒരു ഘട്ടത്തിൽ 16 ഓവറിൽ 178 റൺസിന് 4 എന്ന ശക്തമായ നിലയിലായിരുന്ന കെ കെ ആറിനെ പതിനേഴാം ഓവറിൽ ഹാട്രിക് അടക്കം നാല് വിക്കറ്റ് വീഴ്ത്തിയ യുസ്വെന്ദ്ര ചഹാലാണ് തകർത്തത്. 51 പന്തിൽ 85 റൺസ് നേടിയ ക്യാപ്റ്റൻ ശ്രേയസ് അയ്യർ, ശിവം മാവി, പാറ്റ് കമ്മിൻസ് എന്നിവരെ പുറത്താക്കിയാണ് തൻ്റെ ആദ്യ ഹാട്രിക് ചഹാൽ നേടിയത്. നാലോവറിൽ 40 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ ചഹാൽ വീഴ്ത്തി.

( Picture Source : IPL / BCCI )

51 പന്തിൽ 85 റൺസ് നേടിയ ക്യാപ്റ്റൻ ശ്രേയസ് അയ്യരും 28 പന്തിൽ 58 റൺസ് നേടിയ ആരോൺ ഫിഞ്ചുമാണ് കെ കെ ആറിന് വേണ്ടി തിളങ്ങിയത്. ചഹാലിൻ്റെ ഹാട്രിക്കിന് ശേഷം തകർന്ന കെ കെ ആറിനെ 9 പന്തിൽ 21 റൺസ് നേടിയ ഉമേഷ് യാദവാണ് വിജയത്തിനരികെ എത്തിച്ചത്.

( Picture Source : IPL / BCCI )

നേരത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് സെഞ്ചുറി നേടിയ ജോസ് ബട്ട്ലറുടെ മികവിലാണ് കൂറ്റൻ സ്കോർ നേടിയത്. സീസണിലെ തൻ്റെ രണ്ടാം സെഞ്ചുറി നേടിയ ജോസ് ബട്ട്ലർ 61 പന്തിൽ 9 ഫോറും 5 സിക്സുമടക്കം 103 റൺസ് നേടിയാണ് പുറത്തായത്. ക്യാപ്റ്റൻ സഞ്ജു സാംസൺ 19 പന്തിൽ 38 റൺസും ഷിംറോൺ ഹെറ്റ്മയർ 13 പന്തിൽ 26 റൺസും നേടി പുറത്തായി.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി സുനിൽ നരെയ്ൻ 21 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടി.

( Picture Source : IPL / BCCI )