Skip to content

സച്ചിനോ കോഹ്ലിയോ അല്ല, തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബാറ്റ്സ്മാൻ ആരെന്ന് വെളിപ്പെടുത്തി സുനിൽ നരെയ്ൻ

ക്രിക്കറ്റ് കരിയറിൽ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബാറ്റ്സ്മാൻ ആരെന്ന് വെളിപ്പെടുത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ വിൻഡീസ് സ്പിന്നർ സുനിൽ നരെയ്ൻ. ഐ പി എല്ലിൽ നേരിടാൻ ഏറ്റവും പ്രയാസമുള്ള ബൗളറായാണ് സുനിൽ നരെയ്ൻ കണക്കാക്കപെടുന്നത്. കരിയറിൽ സച്ചിൻ മുതൽ വിരാട് കോഹ്ലിയ്ക്കെതിരെ വരെ പന്തെറിഞ്ഞിട്ടുണ്ടെങ്കിലും തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബാറ്റ്സ്മാൻ മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് സുനിൽ നരെയ്ൻ.

കെ കെ ആറിന് വേണ്ടിയുളള തൻ്റെ 150 ആം മത്സരത്തിന് മുന്നോടിയായി നൽകിയ അഭിമുഖത്തിലാണ് സെവാഗാണ് തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബാറ്റ്സ്മാനെന്ന് നരെയ്ൻ വെളിപ്പെടുത്തിയത്.

” അത് വീരേന്ദർ സെവാഗാണെന്ന് ഞാൻ പറയേണ്ടിവരും. അദ്ദേഹത്തിനെതിരെ ബൗൾ ചെയ്യുകയെന്നത് എല്ലായ്പോഴും ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. ടീം ഏതു സാഹചര്യത്തിൽ ആയിരുന്നാലും കളി നിലനിർത്തുന്ന ബാറ്റ്സ്മാനായിരുന്നു സെവാഗ്, ഏതു സാഹചര്യത്തിലും അവൻ അവൻ്റെതായ രീതിയിലാണ് ബാറ്റിങ് തുടർന്നത്. ” സുനിൽ നരെയ്ൻ പറഞ്ഞു.

ഐ പി എല്ലിൽ രണ്ട് തവണയും ഏകദിനത്തിൽ ഒരു തവണയും മാത്രമാണ് സെവാഗും നരെയ്നും ഏറ്റുമുട്ടിയിട്ടുള്ളത്. മൂന്ന് ഇന്നിങ്സിൽ നിന്നുമായി നരെയ്നെതിരെ 35 പന്തിൽ നിന്നും 56 റൺസ് സെവാഗ് നേടിയിട്ടുണ്ട്. ഒരിക്കൽ പോലും സെവാഗിനെ പുറത്താക്കുവാൻ നരെയ്ന് സാധിച്ചിട്ടില്ല.

വെടിക്കെട്ട് ബാറ്റ്സ്മാന്മാർക്കെതിരെ എങ്ങനെയാണ് താൻ പന്തെറിയുന്നതിനെ കുറിച്ചും അഭിമുഖത്തിൽ നരെയ്ൻ വെളിപ്പെടുത്തി.

” ഒരു മോശം പന്തിൽ ബാറ്റ്സ്മാൻ സിക്സ് നേടിയാൽ തീർച്ചയായും അടുത്തതായി മികച്ച പന്ത് തന്നെ ഞാൻ എറിയണം. എന്നാൽ ഒരു നല്ല പന്തിൽ ബാറ്റ്സ്മാൻ സിക്സ് നേടിയാൽ അടുത്ത പന്തും അതേ രീതിയിലായിരിക്കും ഞാൻ എറിയുക. മരണമി തുടർച്ചയായി അതേ ഷോട്ട് കളിക്കുവാൻ ബാറ്റ്സ്മാന് സാധിക്കില്ല, അവർ തീർച്ചയായും മറ്റൊരു ഷോട്ടിന് ശ്രമിക്കും. ” സുനിൽ നരെയ്ൻ പറഞ്ഞു.