Skip to content

ആദ്യ കാഴ്ച്ചയിൽ വഖാർ യൂനിസിനെയാണ് അവൻ ഓർമിപ്പിച്ചത്, ഉമ്രാൻ മാലിക്കിനെ കുറിച്ച് ഇർഫാൻ പത്താൻ

സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ ഇന്ത്യൻ പേസർ ഉമ്രാൻ മാലിക്ക് ആദ്യമായി ബൗൾ ചെയ്യുന്നത് കണ്ടപ്പോൾ തനിക്കോർമ്മ വന്നത് പാക് പേസർ വഖാർ യൂനിസിനെയാണെന്ന് മുൻ ഇന്ത്യൻ താരവും ജമ്മു കശ്മീർ സ്റ്റേറ്റ് ടീം മെൻ്ററും കൂടിയായിരുന്ന ഇർഫാൻ പത്താൻ. ഐ പി എല്ലിൽ മികച്ച പ്രകടനമാണ് ഉമ്രാൻ മാലിക്ക് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്.

ടി നടരാജന് ശേഷം ഈ സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയത് ഉമ്രാൻ മാലിക്കാണ്. കഴിഞ്ഞ മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ 28 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ താരം നേടിയിരുന്നു.

( Picture Source : IPL / BCCI )

” ആദ്യമായി അവൻ ബൗൾ ചെയ്യുന്നത് കാണുന്നത് ഞാൻ ജമ്മു കശ്മീരിനായി കളിക്കുകയും അവരുടെ ഉപദേശകനായിരിക്കുന്ന സമയത്താണ്. അവൻ ബൗൾ ചെയ്യുന്നത് കണ്ടപ്പോൾ എനിക്ക് ആദ്യം ഓർമ്മവന്നത് വഖാർ യൂനിസിനെയാണ്. ” ഇർഫാൻ പത്താൻ പറഞ്ഞു.

( Picture Source : IPL / BCCI )

പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ഇരുപതാം ഓവറിൽ റണ്ണൊന്നും വഴങ്ങാതെ മൂന്ന് വിക്കറ്റ് ഉമ്രാൻ മാലിക്ക് വീഴ്ത്തിയിരുന്നു. ഇതോടെ ഐ പി എല്ലിൽ ഇരുപതാം ഓവർ മെയ്ഡനാക്കുന്ന നാലാമത്തെ ബൗളറായി താരം മാറിയിരുന്നു. ഇർഫാൻ പത്താൻ, ലസിത് മലിംഗ, ജയദേവ് ഉനാഡ്കട് എന്നിവരാണ് ഇതിനുമുൻപ് ഇരുപതാം ഓവർ മെയ്ഡനാക്കിയിട്ടുള്ള താരങ്ങൾ. സീസണിൽ ഇതുവരെ ആറ് മത്സരങ്ങളിൽ നിന്നും 9 വിക്കറ്റ് നേടിയ താരം വിക്കറ്റ് വേട്ടയിൽ ഒമ്പതാം സ്ഥാനത്താണുള്ളത്.

( Picture Source : IPL / BCCI )