Skip to content

നിർണായക ക്യാച്ച് പാഴാക്കി ദുബെ, ദേഷ്യപ്പെട്ട് ക്യാപ്റ്റൻ ജഡേജയും ബ്രാവോയും – വീഡിയോ

ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരം കൂടി തോറ്റതോടെ ഈ സീസണിലെ അഞ്ചാം തോൽവി വഴങ്ങിയിരിക്കുകയാണ് നിലവിലെ ചാമ്പ്യൻന്മാരായ ചെന്നൈ സൂപ്പർ കിങ്സ്. ഒരു ഘട്ടത്തിൽ ചെന്നൈ ജയിക്കുമെന്ന് കരുതിയ മത്സരം മില്ലറും റാഷിദ് ഖാനും ചേർന്ന് തട്ടിപ്പറിക്കുകയായിരുന്നു. 170 വിജയലക്ഷ്യവുമായി ഇറങ്ങിയ ഗുജറാത്ത് ഒരു പന്ത് ബാക്കി നിൽക്കെയാണ് ജയം നേടിയത്.

51 പന്തിൽ പുറത്താകാതെ 94 റൺസ് നേടിയ മില്ലർ ഗുജറാത്തിനെ ജയത്തിലേക്ക് നയിച്ചു. ഹർദിക് പാണ്ഡ്യയ്ക്ക് പകരം ക്യാപ്റ്റൻ റോളിൽ എത്തിയ റാഷിദ് ഖാനും ചെയ്‌സിങിൽ തിളങ്ങി. 21 പന്തിൽ 40 റൺസ് നേടിയിരുന്നു. ജോർദാൻ എറിഞ്ഞ ഒരോവറിൽ 25 റൺസ് അടിച്ച് കൂട്ടുകയും ചെയ്തു.

ഇരുവരുടെയും ആറാം വിക്കറ്റിലെ 70 റൺസ് പാർട്ണർഷിപ്പാണ് നിർണായകമായത്. അതേസമയം 22 പന്തിൽ 50 റൺസ് ജയിക്കാൻ വേണമെന്ന ഘട്ടത്തിൽ 17ആം ഓവറിലെ രണ്ടാം പന്തിൽ മില്ലറെ പുറത്താക്കാനുള്ള അവസരം ചെന്നൈയ്ക്ക് ലഭിച്ചിരുന്നു. ബ്രാവോ എറിഞ്ഞ ഓവറിലായിരുന്നു സംഭവം. ബൗണ്ടറിക്ക് ശ്രമിച്ച മില്ലറിന്റെ ഷോട്ടിന് പവറില്ലായിരുന്നു. ശിവം ദുബെ നിന്നിരുന്ന ഭാഗത്തേക്കായിരുന്നു ചെന്നത്. ഓടി അനായാസം എടുക്കാവുന്ന ക്യാച്ച് ആയിരുന്നു.

എന്നാൽ ദുബെ ക്യാച്ചിന് ശ്രമിച്ചില്ല. ഒരു തവണ ബൗണ്സ് ചെയ്തതിന് ശേഷം മാത്രം പിടിക്കാൻ ശ്രമിക്കുകയായിരുന്നു. ദുബെയുടെ ഈ പ്രവർത്തി ബ്രാവോയെയും ക്യാപ്റ്റൻ ജഡേജയെയും ദേഷ്യപ്പെടുത്തിയിരുന്നു. തൊപ്പി എടുത്ത് വലിച്ചെറിയുന്ന രീതിയിൽ ജഡേജ കാണിക്കുകയും ചെയ്തു. മത്സരം ചെന്നൈയുടെ വരുതിയിലാക്കാനുള്ള അവസരമാണ് ദുബെ പാഴാക്കി കളഞ്ഞത്.

സീസണില്‍ ഫോം കണ്ടെത്താന്‍ കഷ്ടപ്പെട്ടു കൊണ്ടിരുന്ന രാഹുല്‍ ഗെയ്ക് വാദിന്‍റെ തകര്‍പ്പന്‍ പ്രകടനമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന് നേരത്തെ മികച്ച സ്‌കോര്‍ സമ്മാനിച്ചത്.. ഗെയ്ക് വാദ് 48 പന്തില്‍ അഞ്ച് സിക്‌സുകളുടേയും അഞ്ച് ഫോറുകളുടേയും അകമ്ബടിയില്‍ 73 റണ്‍സെടുത്തു. 46 റണ്‍സെടുത്ത അംബാട്ടി റായിഡു ഗെയ്ക് വാദിന് മികച്ച പിന്തുണയാണ് നല്‍കിയത്. അവസാന ഓവറില്‍ ഫെര്‍ഗൂസണെ തുടരെ രണ്ടു സിക്സര്‍ പറത്തി ക്യാപ്റ്റന്‍ ജഡേജ മനോഹരമായാണ് ചെന്നൈ ഇന്നിംഗ്സ് അവസാനിപ്പിച്ചത്. ഗുജറാത്തിനായി അല്‍സാരി ജോസഫ് രണ്ടു വിക്കറ്റ് വീഴ്ത്തി.