Skip to content

ഐ പി എല്ലിൽ 150 വിക്കറ്റുകൾ പൂർത്തിയാക്കി ഭുവനേശ്വർ കുമാർ, സ്വന്തമാക്കിയത് തകർപ്പൻ നേട്ടം

ഇന്ത്യൻ പ്രീമിയർ ലീഗിൽ 150 വിക്കറ്റുകൾ പൂർത്തിയാക്കി ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാർ. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ 22 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ താരം നേടിയിരുന്നു. ഈ പ്രകടനത്തോടെയാണ് ടൂർണമെൻ്റിൽ 150 വിക്കറ്റുകൾ ഭുവി പൂർത്തിയാക്കിയത്. ഇതിനൊപ്പം തന്നെ വമ്പൻ റെക്കോർഡ് താരം സ്വന്തമാക്കുകയും ചെയ്തു.

( Picture Source : IPL / BCCI )

സൺറൈസേഴ്സ് 7 വിക്കറ്റിൻ്റെ വിജയം നേടിയ മത്സരത്തിൽ പഞ്ചാബ് കിങ്സ് ക്യാപ്റ്റൻ ശിഖാർ ധവാൻ, ലിയാം ലിവിങ്സ്റ്റൺ, ഷാരൂഖ് ഖാൻ എന്നിവരുടെ വിക്കറ്റാണ് ഭുവനേശ്വർ കുമാർ വീഴ്ത്തിയത്. 17 ആം ഓവറിലെ ആദ്യ പന്തിൽ ഷാരൂഖ് ഖാൻ്റെ വിക്കറ്റ് നേടിയതോടെയാണ് ഐ പി എല്ലിൽ 150 വിക്കറ്റുകളെന്ന നാഴികക്കല്ല് ഭുവി പിന്നിട്ടത്.

ഐ പി എല്ലിൽ 150 വിക്കറ്റുകൾ നേടുന്ന ഏഴാമത്തെ ബൗളറും ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ പേസറുമാണ് ഭുവനേശ്വർ കുമാർ. 134 വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയാണ് ഇന്ത്യൻ പേസർമാരിൽ ഭുവനേശ്വർ കുമാറിന് പിന്നിലുള്ളത്.

( Picture Source : IPL / BCCI )

174 വിക്കറ്റ് നേടിയ ഡ്വെയ്ൻ ബ്രാവോ, 170 വിക്കറ്റ് നേടിയ ലസിത് മലിംഗ, 166 വിക്കറ്റ് നേടിയ അമിത് മിശ്ര, 157 വിക്കറ്റ് നേടിയ പിയൂഷ് ചൗള, 151 വിക്കറ്റ് നേടിയ യുസ്വെന്ദ്ര ചഹാൽ, 150 വിക്കറ്റ് നേടിയ ഹർഭജൻ സിങ് എന്നിവരാണ് ഐ പി എല്ലിൽ 150 വിക്കറ്റ് നേടിയിട്ടുള്ള മറ്റു ബൗളർമാർ.

തുടർച്ചയായ നാലാം വിജയമാണ് മത്സരത്തിൽ സൺറൈസേഴ്സ് കുറിച്ചത്. പഞ്ചാബ് കിങ്സ് ഉയർത്തിയ 152 റൺസിൻ്റെ വിജയലക്ഷ്യം 18.5 ഓവറിൽ സൺറൈസേഴ്സ് മറികടന്നു. വിജയത്തോടെ സൺറൈസേഴ്സ് ഹൈദരാബാദ് പോയിൻ്റ് ടേബിളിൽ നാലാം സ്ഥാനത്തെത്തി.

( Picture Source : IPL / BCCI )