‘അവൻ അത്രയും വില അർഹിക്കുന്നില്ല, മുംബൈ ഇന്ത്യൻസിന് ലേലത്തിൽ പിഴച്ചു’ ; മോശം പ്രകടനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി വാട്സൻ

കഴിഞ്ഞ 14 സീസണുകളിൽ നിന്ന് 5 തവണ ഐപിഎൽ കിരീടം ചൂടിയ മുംബൈ ഇന്ത്യൻസ് 15ആം സീസണിൽ ഒരു ജയം നേടാൻ ബുദ്ധിമുട്ടുകയാണ്. ഇതുവരെ 5 മത്സരങ്ങൾ കളിച്ച മുംബൈ അഞ്ചിലും തോറ്റ് പോയിന്റ് പട്ടികയിൽ അവസാനത്തിലാണ്. ഐപിഎലിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായ മുംബൈയുടെ ഈ പതനത്തിന് കാരണം ബുംറയ്ക്ക് ഒപ്പം പന്തെറിയാൻ മികച്ച ബൗളർ ഇല്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

മുംബൈയുടെ ഈ ദയനീയ പ്രകടനത്തിന് കാരണം മെഗാലേലത്തിലെ പിഴവെന്ന് വിമർശിച്ചിരിക്കുകയാണ് മുൻ ഓസ്‌ട്രേലിയൻ താരം ഷെയ്ൻ വാട്സൻ. യുവതാരം ഇഷൻ കിഷനെ ടീമിലെത്തിക്കാൻ ഭീമൻ തുക ചിലവഴിച്ചതിനെയും മുൻ സിഎസ്കെ താരം കൂടിയായ വാട്സൻ പഴിച്ചു. ഇഷാൻ കിഷനെ അത്രയും തുകയ്ക്ക് വിളിച്ചത് ഞെട്ടിച്ചെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

“മുംബൈ ഇന്ത്യൻസിന്റെ ഈ പരിതാപകരമായ അവസ്ഥ എന്നെ അത്ഭുതപ്പെടുത്തിയിട്ടില്ല, കാരണം മെഗാലേലത്തിൽ വമ്പൻ മണ്ടത്തരമാണ് അവർ കാണിച്ചത്.  ഇഷാൻ കിഷനുവേണ്ടി അത്രയധികം പണം ചിലവഴിച്ചത്, അവൻ വളരെ കഴിവുള്ളവനും സമർത്ഥനുമായ കളിക്കാരനാണ്, എന്നാൽ  അത്രയും വില നൽകാൻ അവൻ അർഹനല്ല.  പിന്നെ, ജോഫ്ര ആർച്ചർ തിരികെ വരുമോ എന്ന് പോലും  അറിയാതെ അവനെ ലേലത്തിൽ പിടിച്ചത്. കുറേക്കാലമായി അദ്ദേഹം ക്രിക്കറ്റ് കളിച്ചിട്ടില്ല.” വാട്സൻ പറഞ്ഞു.

അതേസമയം ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ മോശം പ്രകടനത്തിന് പിന്നിലെ കാരണവും ആദ്ദേഹം പങ്കുവെച്ചു. “സിഎസ്കെയുടെ ഏറ്റവും വലിയ പ്രശ്നം, ഫാസ്റ്റ് ബൗളിങ്ങിൽ മികച്ച ബൗളറുടെ അഭാവമാണ്.  മുൻവർഷങ്ങളിൽ ശാർദുൽ താക്കൂർ ഉണ്ടായിരുന്നു. ഇപ്പോൾ ദീപക് ചാഹർ ഉണ്ടെങ്കിലും പരിക്കേറ്റ് പുറത്താണ്. “

“ലേലത്തിൽ അവർ അവനുവേണ്ടി ധാരാളം പണം ചിലവിട്ടു, പരിക്ക് കാരണം അവൻ ഈ ടൂർണമെന്റിൽ കളിക്കാൻ സാധ്യതയില്ല. കഴിഞ്ഞ സീസണുകളിൽ ജോഷ് ഹേസിൽവുഡിനെ പോലെയുള്ള ഗുണനിലവാരമുള്ള വിദേശ പേസർമാർ ഉണ്ടായിരുന്നു. ഇത്തവണ, അവർക്ക്  ഒരു ലോകോത്തര വിദേശ പേസ് ബൗളർ ഇല്ല.  അതുകൊണ്ടാണ് അവർ ബുദ്ധിമുട്ടുന്നത്. ” അദ്ദേഹം പറഞ്ഞു.