Skip to content

അതൊരു ബുദ്ധിശൂന്യമായ നീക്കമായിരുന്നു, അശ്വിനെ മൂന്നാമനായി ഇറക്കിയ തീരുമാനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ താരം

ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ സഞ്ജു സാംസണ് മുൻപേ രവിചന്ദ്രൻ അശ്വിനെ മൂന്നാമനായി ഇറക്കിയ രാജസ്ഥാൻ റോയൽസിൻ്റെ തീരുമാനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. രാജസ്ഥാൻ റോയൽസിൻ്റെ ഈ നീക്കം ബുദ്ധിശൂന്യമായിരുന്നുവെന്നും മത്സരത്തിൽ തന്നെ ഈ നീക്കം തിരിച്ചടിയായെന്നും മഞ്ജരേക്കർ പറഞ്ഞു.

രണ്ടാം ഓവറിലെ അവസാന പന്തിൽ ഓപ്പണർ ദേവ്ദത് പടിക്കൽ പുറത്തായതിന് ശേഷമാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് അശ്വിൻ മൂന്നാമനായി ക്രീസിൽ എത്തിയത്. ഒരു സിക്സ് അടക്കം 8 റൺസ് നേടി അശ്വിൻ പുറത്തായതോടെ രാജസ്ഥാൻ റോയൽസിൻ്റെ ഈ നീക്കം ദയനീയമായി പരാജയപെടുകയായിരുന്നു.

” ബട്ട്ലർ നല്ല രീതിയിൽ ബാറ്റ് ചെയ്യവേ സഞ്ജു സാംസണെ മൂന്നാമനായി ഇറക്കുവാൻ അവസരമുണ്ടായിരുന്നു. അത് അപ്പോഴെടുത്ത തീരുമാനമാണെന്ന് ഞാൻ കരുതുന്നു. ബട്ട്ലർ നന്നായി ബാറ്റ് ചെയ്യവേ നിങ്ങൾ അശ്വിനെ അയച്ചു. അശ്വിനെ ഒരു പിഞ്ച്- ഹിറ്റർ എന്ന നിലയിലാണ് അവർ ബാറ്റിങിനയച്ചത്. എന്നാൽ അവിടെ അതിൻ്റെ യാതൊരു ആവശ്യവും ഉണ്ടായിരുന്നില്ല. കാരണം 215-220 റൺസ് ചേസ് ചെയ്യവേ വേഗത്തിൽ സ്കോർ ചെയ്യാനുള്ള കഴിവിൽ സംശയമുണ്ടെങ്കിൽ മാത്രമെ അത്തരമൊരു നീക്കം നടത്തേണ്ടതുള്ളൂ. അതുകൊണ്ട് തന്നെ അതൊരു ബുദ്ധിശൂന്യമായ നീക്കമായിരുന്നു. ”

” പക്ഷേ ബട്ട്ലർ ബാറ്റിങ് തുടങ്ങിയ രീതിയിൽ അശ്വിനെ അയക്കേണ്ട യാതൊരു ആവശ്യവും ഇല്ലായിരുന്നു. കൂടാതെ വിജയലക്ഷ്യത്തിൽ നിങ്ങൾ ആകുലരാണെന്നുള്ള സന്ദേശവും ആ നീക്കം എതിരാളികൾക്ക് നൽകി. അതൊരു പരിഹാസ്യമായ നീക്കമായിരുന്നുവെന്ന് ഞാൻ കരുതുന്നു. ” സഞ്ജയ് മഞ്ജരേക്കർ കൂട്ടിച്ചേർത്തു.