Skip to content

സഹതാരങ്ങൾ അവനെ കണ്ട് പഠിക്കട്ടെ, അശ്വിനെ ലാക്കാക്കി യുവരാജ് സിങിൻ്റെ ട്വീറ്റ്

ക്രിക്കറ്റ് ലോകത്ത് ചർച്ചകൾക്ക് വഴിവെച്ച് ഗുജറാത്ത് ടൈറ്റൻസ് – രാജസ്ഥാൻ റോയൽസ് മത്സരത്തിന് ശേഷമുളള മുൻ ഇന്ത്യൻ ഓൾ റൗണ്ടർ യുവരാജ് സിങിൻ്റെ ട്വീറ്റ്. മത്സരത്തിൽ സ്പോർട്സ്മാൻ സ്പിരിറ്റ് ഉയർത്തിപിടിച്ച ഇംഗ്ലീഷ് താരം ജോസ് ബട്ട്ലറെ പ്രശംസിച്ചുകൊണ്ടായിരുന്നു യുവരാജ് സിങ് ട്വീറ്റ് ചെയ്തത്.

എന്നാൽ പോസ്റ്റിലെ അവസാന വരികൾ പലരുടെയും നെറ്റിചുളിപ്പിച്ചു. ജോസ് ബട്ട്ലറെ സഹതാരങ്ങൾ കണ്ടുപഠിക്കട്ടെയെന്നായിരുന്നു യുവിയുടെ പോസ്റ്റിലെ അവസാന വരികൾ. യുവി ലാക്കാക്കിയത് രവിചന്ദ്രൻ അശ്വിനെ തന്നെയാണെന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകർ.

2019 ഐ പി എൽ സീസണിൽ നോൺ സ്ട്രൈക്കർ എൻഡിൽ ക്രീസ് വിട്ടിറങ്ങിയ ബട്ട്ലറെ മങ്കാധിങ് ചെയ്തുകൊണ്ട് ചർച്ചകൾക്ക് തുടക്കമിട്ട അശ്വിൻ ഈ സീസണിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിൽ റിട്ടയേർഡ് ഔട്ടായി വാർത്തകളിൽ ഇടം നേടിയിരുന്നു. ഐ പി എൽ ചരിത്രത്തിൽ തന്നെ റിട്ടയേർഡ് ഔട്ടായി പുറത്തുപോവുന്ന ആദ്യ ബാറ്റ്സ്മാനായി മാറിയിരുന്നു.

ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ബൗണ്ടറി തടുത്തിട്ട ശേഷം കാല് ബൗണ്ടറി റോപ്പിൽ തട്ടിയോയെന്ന് സംശയം തോന്നിയ ബട്ട്ലർ അമ്പയറോട് ബൗണ്ടറിയാണോയെന്ന് പരിശോധിക്കാൻ നിർദ്ദേശിച്ചിരുന്നു. ഇതിനെപുറകെയാണ് ബട്ട്ലറെ പ്രശംസിച്ചുകൊണ്ട് യുവരാജ് സിങ് ട്വീറ്റ് ചെയ്തത്.

” ക്രിക്കറ്റിൽ ഇപ്പോഴും ജെൻ്റിൽമാനുണ്ട്, മറ്റുള്ള കളിക്കാർ അവനിൽ നിന്നും പഠിക്കണം, പ്രത്യേകിച്ച് സഹതാരങ്ങൾ. ” യുവരാജ് സിങ് ട്വിറ്ററിൽ കുറിച്ചു.

മത്സരത്തിൽ 37 റൺസിൻ്റെ വമ്പൻ വിജയമാണ് രാജസ്ഥാൻ റോയൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസ് കുറിച്ചത്. മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ഉയർത്തിയ 193 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന രാജസ്ഥാൻ റോയൽസിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ.