Skip to content

ഇംഗ്ലണ്ട് ടീമിൻ്റെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ജോ റൂട്ട്

ഇംഗ്ലണ്ട് ടീമിൻ്റെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ജോ റൂട്ട്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡാണ് റൂട്ട് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതായി ക്രിക്കറ്റ് ലോകത്തെ അറിയിച്ചത്. ആഷസ് പരമ്പരയിലെയും വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലെയും ദയനീയ പ്രകടനത്തിന് പുറകെയാണ് ജോ റൂട്ട് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞിരിക്കുന്നത്.

( Picture Source : Twitter )

അലസ്റ്റയർ കുക്കിന് ശേഷം ഇംഗ്ലണ്ട് ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത ജോ റൂട്ട് നീണ്ട അഞ്ച് വർഷകാലം ടീമിനെ ക്രിക്കറ്റിലെ ദീർഘ ഫോർമാറ്റിൽ നയിച്ചു. ഇംഗ്ലണ്ടിനെ ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങളിൽ വിജയത്തിലെത്തിച്ച ക്യാപ്റ്റൻ കൂടിയാണ് ജോ റൂട്ട്. 27 ടെസ്റ്റ് മത്സരങ്ങളിൽ റൂട്ടിന് കീഴിൽ ഇംഗ്ലണ്ട് വിജയിച്ചിട്ടുണ്ട്.

2018 ൽ ഇന്ത്യയ്ക്കെതിരെ ഹോം സിരീസിൽ നേടിയ 4-1 ൻ്റെ വമ്പൻ വിജയവും 2020 സൗത്താഫ്രിക്കൻ മണ്ണിൽ നേടിയ 3-1 ൻ്റെ വിജയവുമാണ് ജോ റൂട്ടിന് കീഴിൽ ഇംഗ്ലണ്ട് നേടിയ പ്രധാന പരമ്പരകൾ. കൂടാതെ 2018 ലും കഴിഞ്ഞ വർഷവും ശ്രീലങ്കയിൽ ടെസ്റ്റ് പരമ്പരയകൾ വിജയിക്കാൻ റൂട്ടിന് കീഴിൽ ഇംഗ്ലണ്ടിന് സാധിച്ചു. എന്നാൽ ഇംഗ്ലണ്ട് ക്യാപ്റ്റനായി ഒരു ആഷസ് പരമ്പര പോലും വിജയിക്കാൻ ജോ റൂട്ടിന് സാധിച്ചില്ല.

( Picture Source : Twitter )

ഇംഗ്ലണ്ട് ക്യാപ്റ്റനായി ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാനും ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ അഞ്ചാമത്തെ ക്യാപ്റ്റനുമാണ് ജോ റൂട്ട്. ഗ്രെയിം സ്മിത്ത്, അലൻ ബോർഡർ, റിക്കി പോണ്ടിങ്, വിരാട് കോഹ്ലി എന്നിവരാണ് ഈ പട്ടികയിൽ റൂട്ടിനേക്കാൾ മുൻപിലുള്ളത്.

പുതിയ ക്യാപ്റ്റനെ ഇംഗ്ലണ്ട് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ്, വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോസ് ബട്ട്ലർ എന്നിവരാണ് സാധ്യത കൽപ്പിക്കപെടുന്ന രണ്ട് താരങ്ങൾ.

( Picture Source : Twitter )