Skip to content

സച്ചിൻ്റെ കാലിൽ തൊട്ടുതൊഴാൻ ശ്രമിച്ച് ജോണ്ടി റോഡ്സ്, പിന്തിരിപ്പിച്ച് സച്ചിൻ, രസകരമായ വീഡിയോ കാണാം

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ കാലിൽ തൊട്ടുതൊഴുവാൻ ശ്രമിച്ച് മുൻ സൗത്താഫ്രിക്കൻ താരം ജോണ്ടി റോഡ്സ്. മുംബൈ ഇന്ത്യൻസും പഞ്ചാബ് കിങ്സും തമ്മിലുള്ള മത്സരത്തിന് ശേഷമാണ് ഈ രസകരമായ സംഭവം അരങ്ങേറിയത്. ഇരുവരും തമ്മിലുള്ള സുഹൃത്ബന്ധം വിളിച്ചോതുന്നതായിരുന്നു ഈ രംഗങ്ങൾ.

പഞ്ചാബ് കിങ്സിൻ്റെ ഫീൽഡിങ് പരിശീലകനാണ് ജോണ്ടി റോഡ്സ്. ഇതിനുമുൻപ് മുംബൈ ഇന്ത്യൻസിലായിരിക്കെ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. മത്സരശേഷം ഇരുടീമിലെ താരങ്ങളും സപ്പോർട്ട് സ്റ്റാഫും തമ്മിൽ ഹസ്തദാനം നൽകുന്നതിനിടയിലാണ് ജോണ്ടി റോഡ്സ് സച്ചിൻ്റെ കാലിൽ വീഴാൻ ശ്രമിച്ചത്. അതിനുമുൻപേ തന്നെ ജോണ്ടി റോഡ്സിനെ സച്ചിൻ പിന്തിരിപ്പിക്കുകയും പിന്നീട് ഇരുവരും കെട്ടിപിടിക്കുകയും ചെയ്തു.

വീഡിയോ ;

സീസണിൽ മോശം തുടക്കമാണ് മുംബൈ ഇന്ത്യൻസിന് ലഭിച്ചിരിക്കുന്നത്. സീസണിലെ ആദ്യ അഞ്ച് മത്സരങ്ങളും പരാജയപെട്ട മുംബൈ ഇന്ത്യൻസ് നിലവിൽ പോയിൻ്റ് ടേബിളിൽ അവസാന സ്ഥാനത്താണ് ഉള്ളത്.

പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ 12 റൺസിനാണ് മുംബൈ ഇന്ത്യൻസ് പരാജയപെട്ടത്. മത്സരത്തിൽ പഞ്ചാബ് കിങ്സ് ഉയർത്തിയ 199 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസിന് 186 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ. 49 റൺസ് നേടിയ ഡെവാൾഡ് ബ്രെവിസ്, 43 റൺസ് നേടിയ സൂര്യകുമാർ യാദവ്, 36 റൺസ് നേടിയ തിലക് വർമ്മ എന്നിവർ മാത്രമാണ് മുംബൈ ഇന്ത്യൻസ് നിരയിൽ തിളങ്ങിയത്. ഏപ്രിൽ 16 ന് കെ എൽ രാഹുൽ നയിക്കുന്ന ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരെയാണ് മുംബൈ ഇന്ത്യൻസിൻ്റെ അടുത്ത മത്സരം.