വിരാട് കോഹ്ലിയ്ക്ക് ശേഷം ഇതാദ്യം, ടി20 ക്രിക്കറ്റിൽ തകർപ്പൻ നേട്ടം കുറിച്ച് രോഹിത് ശർമ്മ
ടി20 ക്രിക്കറ്റിൽ തകർപ്പൻ നേട്ടം കുറിച്ച് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിലാണ് ഈ നേട്ടം ഹിറ്റ്മാൻ സ്വന്തമാക്കിയത്. മത്സരത്തിൽ 17 പന്തിൽ നിന്നും 28 റൺസ് നേടിയാണ് രോഹിത് ശർമ്മ പുറത്തായത്.

മത്സരത്തിലെ പ്രകടനത്തോടെ ടി20 ക്രിക്കറ്റിൽ 10000 റൺസ് രോഹിത് ശർമ്മ പൂർത്തിയാക്കി. ടി20 ക്രിക്കറ്റിൽ 10000 റൺസ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനാണ് രോഹിത് ശർമ്മ. വിരാട് കോഹ്ലിയാണ് ഇതിനുമുൻപ് ടി20 ക്രിക്കറ്റിൽ പതിനായിരം റൺസ് നേടിയിട്ടുള്ള ഇന്ത്യൻ താരം.

ടി20 ഫോർമാറ്റിൽ 10000 റൺസ് നേടുന്ന ഏഴാമത്തെ ബാറ്റ്സ്മാൻ കൂടിയാണ് രോഹിത് ശർമ്മ. 14562 റൺസ് നേടിയിട്ടുള്ള ക്രിസ് ഗെയ്ൽ, 11698 റൺസ് നേടിയിട്ടുള്ള ഷോയിബ് മാലിക്ക്, 11474 റൺസ് നേടിയിട്ടുള്ള കീറോൺ പൊള്ളാർഡ്, 10499 റൺസ് നേടിയിട്ടുള്ള ആരോൺ ഫിഞ്ച്, 10379 റൺസ് നേടിയ വിരാട് കോഹ്ലി, 10373 റൺസ് നേടിയിട്ടുള്ള ഡേവിഡ് വാർണർ എന്നിവരാണ് ഇതിനുമുൻപ് ടി20 ക്രിക്കറ്റിൽ 10000 തിലധികം റൺസ് നേടിയിട്ടുള്ള ബാറ്റ്സ്മാന്മാർ.
മത്സരത്തോടെ ഐ പി എല്ലിൽ 500 ഫോറും ഹിറ്റ്മാൻ പൂർത്തിയാക്കി. ശിഖാർ ധവാൻ, വിരാട് കോഹ്ലി, ഡേവിഡ് വാർണർ, സുരേഷ് റെയ്ന എന്നിവർക്ക് ശേഷം ഐ പി എല്ലിൽ 500 ഫോർ നേടുന്ന ബാറ്റ്സ്മാനാണ് രോഹിത് ശർമ്മ.
