Skip to content

അവസാന ഓവറുകളിൽ മത്സരം കൈവിട്ട് മുംബൈ ഇന്ത്യൻസ്, ഏറ്റുവാങ്ങിയത് തുടർച്ചയായ അഞ്ചാം പരാജയം

ഐ പി എൽ പതിനഞ്ചാം സീസണിലെ തുടർച്ചയായ അഞ്ചാം പരാജയം ഏറ്റുവാങ്ങി നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ 12 റൺസിനാണ് മുംബൈ ഇന്ത്യൻസ് പരാജയപെട്ടത്. മത്സരത്തിൽ പഞ്ചാബ് കിങ്സ് ഉയർത്തിയ 199 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന മുംബൈ ഇന്ത്യൻസിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് നേടാൻ മാത്രമെ സാധിച്ചുള്ളൂ.

( Picture Source ; IPL / BCCI )

17 പന്തിൽ 28 റൺസ് നേടി മികച്ച തുടക്കം ക്യാപ്റ്റൻ രോഹിത് ശർമ്മ സമ്മാനിച്ചുവെങ്കിലും വേണ്ടത്ര പിന്തുണ ഇഷാൻ കിഷൻ്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. 25 പന്തിൽ 49 റൺസ് നേടിയ ഡെവാൾഡ് ബ്രെവിസും 20 പന്തിൽ 36 റൺസ് നേടിയ തിലക് വർമ്മയും 30 പന്തിൽ 43 റൺസ് നേടിയ സൂര്യകുമാർ യാദവും മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല.

( Picture Source ; IPL / BCCI )

പഞ്ചാബ് കിങ്സിന് വേണ്ടി ഒഡിയൻ സ്മിത്ത് 4 വിക്കറ്റും കഗിസോ റബാഡ 2 വിക്കറ്റും വൈഭവ് അറോറ ഒരു വിക്കറ്റും നേടി.

നേരത്തേ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് 32 പന്തിൽ 52 റൺസ് നേടിയ ക്യാപ്റ്റൻ മായങ്ക് അഗർവാൾ, 50 പന്തിൽ 70 റൺസ് നേടിയ ശിഖാർ ധവാൻ, 15 പന്തിൽ 30 റൺസ് നേടിയ ജിതേഷ് വർമ്മ, 6 പന്തിൽ 15 റൺസ് നേടിയ ഷാരൂഖ് ഖാൻ എന്നിവരാണ് പഞ്ചാബ് കിങ്സിനെ മികച്ച സ്കോറിൽ എത്തിച്ചത്. സീസണിലെ തങ്ങളുടെ മൂന്നാം വിജയമാണ് മത്സരത്തിൽ പഞ്ചാബ് കിങ്സ് കുറിച്ചത്. വിജയത്തോടെ പോയിൻ്റ് ടേബിളിൽ മൂന്നാം സ്ഥാനത്തെത്താനും മായങ്ക് അഗർവാളിനും സംഘത്തിനും സാധിച്ചു.

( Picture Source ; IPL / BCCI )