അദ്ദേഹം ഏതൊരു ഇടങ്കയ്യൻ ബാറ്റ്സ്മാൻ്റെയും റോൾ മോഡലാണ്, യുവരാജ് സിങുമായുള്ള താരതമ്യത്തെ കുറിച്ച് ശിവം ദുബെ

മുൻ ഇന്ത്യൻ താരം യുവരാജ് സിങുമായുള്ള താരതമ്യങ്ങളോട് പ്രതികരിച്ച് ചെന്നൈ സൂപ്പർ കിങ്സിൻ്റെ ഇടംകയ്യൻ ബാറ്റ്സ്മാൻ ശിവം ദുബെ. ശിവം ദുബെയുടെ തകർപ്പൻ ബാറ്റിങ് മികവിലാണ് ആർ സീ ബിയെ പരാജയപെടുത്തി ഈ സീസണിലെ തങ്ങളുടെ ആദ്യ വിജയം സി എസ് കെ നേടിയത്. മത്സരശേഷമാണ് ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഇടംകയ്യൻ ബാറ്റ്സ്മാന്മാരിൽ ഒരാളായ യുവരാജ് സിങുമായുള്ള താരതമ്യങ്ങളോട് ദുബെ പ്രതികരിച്ചത്.

( Picture Source : IPL / BCCI )

ചെന്നൈ സൂപ്പർ കിങ്സ് 23 റൺസിന് വിജയിച്ച മത്സരത്തിൽ 46 പന്തിൽ 5 ഫോറും 8 സിക്സും ഉൾപ്പടെ പുറത്താകാതെ 95 റൺസ് ശിവം ദുബെ നേടിയിരുന്നു. താരത്തിൻ്റെ പല ഷോട്ടുകളും അക്ഷരാർത്ഥത്തിൽ യുവരാജ് സിങിനെ ഓർമ്മിപ്പിക്കുന്നതായിരുന്നു.

” തീർച്ചയായും യുവി പായെ പോലെയുള്ള ഒരാൾ എല്ലായ്പോഴും ഒരു ഇടങ്കയ്യൻ ബാറ്റ്സ്മാൻ്റെയും റോൾ മോഡലായിരിക്കും. ഒരുപാട് ആളുകൾ ഞാൻ അദ്ദേഹത്തെ പോലെയാണ് കളിക്കുന്നതെന്ന് പറഞ്ഞിട്ടുണ്ട്. ” മത്സരശേഷം ശിവം ദുബെ പറഞ്ഞു.

( Picture Source : IPL / BCCI )

” ഞങ്ങൾ ആദ്യ വിജയത്തിനായി കാത്തിരിക്കുകയായിരുന്നു, ടീമിൻ്റെ വിജയത്തിൽ പങ്കുവഹിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. ഇത്തവണ ഞാൻ എൻ്റെ അടിസ്ഥാന കാര്യങ്ങളിൽ മാത്രമാണ് ശ്രദ്ധ നൽകിയത്. ഞാൻ ടീമിലെ സീനിയർ താരങ്ങളുമായി സംസാരിച്ചു, മഹി ഭായിയും എന്നെ സഹായിച്ചു. ” ശിവം ദുബെ കൂട്ടിച്ചേർത്തു.

( Picture Source : IPL / BCCI )

സീസണിൽ 5 മത്സരങ്ങളിൽ നിന്നും 51.75 ശരാശരിയിൽ പ്രകടനമാണ് ശിവം ദുബെ പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. 13 സിക്സുകൾ ഇതിനോടകം താരം നേടികഴിഞ്ഞു.

മത്സരത്തിലെ വിജയത്തോടെ പോയിൻ്റ് ടേബിളിൽ അവസാന സ്ഥാനത്തുനിന്നും ഒമ്പതാം സ്ഥാനത്തേക്ക് ചെന്നൈ സൂപ്പർ കിങ്സ് എത്തി. ഏപ്രിൽ 17 ന് ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് ചെന്നൈ സൂപ്പർ കിങ്സിൻ്റെ അടുത്ത മത്സരം.

( Picture Source : IPL / BCCI )