Skip to content

ഐ പി എല്ലിൽ 100 സിക്സുകൾ പൂർത്തിയാക്കി ഹാർദിക് പാണ്ഡ്യ, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

ഇന്ത്യൻ പ്രീമിയർ ലീഗിൽ 100 സിക്സുകൾ പൂർത്തിയാക്കി ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലാണ് ഹാർദിക് ഈ നാഴികക്കല്ല് പിന്നിട്ടത്. ഇതിനൊപ്പം തന്നെ തകർപ്പൻ റെക്കോർഡും ടൈറ്റൻസ് ക്യാപ്റ്റൻ സ്വന്തമാക്കി.

( Picture Source : IPL / BCCI )

സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ 42 പന്തിൽ പുറത്താകാതെ 50 റൺസ് നേടിയ പാണ്ഡ്യ ഒരു സിക്സ് നേടിയരുന്നു. ഇതോടെയാണ് ഐ പി എല്ലിൽ 100 സിക്സെന്ന നാഴികക്കല്ല് ഹാർദിക് പിന്നിട്ടത്.

ഐ പി എൽ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 100 സിക്സ് നേടുന്ന ഇന്ത്യൻ ബാറ്റ്സ്മാനെന്ന നേട്ടം മത്സരത്തിൽ നേടിയ സിക്സോടെ ഹാർദിക് പാണ്ഡ്യ സ്വന്തമാക്കി. വെറും 1046 പന്തുകൾ നേരിട്ടുകൊണ്ടാണ് ഹാർദിക് ഐ പി എല്ലിൽ 100 സിക്സുകൾ പൂർത്തിയാക്കിയത്. 1224 പന്തിൽ 100 സിക്സ് പൂർത്തിയാക്കിയ റിഷഭ് പന്ത്, 1313 പന്തിൽ 100 സിക്സ് നേടിയ യൂസഫ് പത്താൻ, 1336 പന്തുകൾ നേരിട്ട് 100 സിക്സ് നേടിയ യുവരാജ് സിങ് എന്നിവരെയാണ് ഹാർദിക് പാണ്ഡ്യ പിന്നിലാക്കിയത്.

ഏറ്റവും വേഗത്തിൽ 100 സിക്സ് നേടിയവരുടെ പട്ടികയിൽ 657 പന്തിൽ നിന്നും 100 സിക്സ് നേടിയ ആന്ദ്രെ റസ്സൽ, 943 പന്തിൽ നിന്നും 100 സിക്സ് നേടിയ ക്രിസ് ഗെയ്ൽ എന്നിവർക്ക് പുറകിൽ മൂന്നാം സ്ഥാനത്താണ് ഹാർദിക് പാണ്ഡ്യയുള്ളത്. 1094 പന്തിൽ 100 സിക്സ് നേടിയ പൊള്ളാർഡ്, 1118 പന്തിൽ 100 സിക്സ് പൂർത്തിയാക്കിയ ഗ്ലെൻ മാക്സ്വെൽ എന്നിവരെ പിന്നിലാക്കാനും പാണ്ഡ്യയ്ക്ക് സാധിച്ചു.

( Picture Source : IPL / BCCI )