ക്രിക്കറ്റ് ഒരു ടീം ഗെയിമാണെന്ന് പലപ്പോഴും നമ്മൾ മറക്കുന്നു, റിട്ടയേർഡ് ഔട്ടായതിനെ കുറിച്ച് രവിചന്ദ്രൻ അശ്വിൻ

ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിൽ റിട്ടയേർഡ് ഔട്ടായ തീരുമാനത്തോട് പ്രതികരിച്ച് രാജസ്ഥാൻ റോയൽസ് താരം രവിചന്ദ്രൻ അശ്വിൻ. മത്സരത്തിലെ 19 ആം ഓവറിലാണ് റിട്ടയേർഡ് ഔട്ടായി അശ്വിൻ ബാറ്റിങ് മതിയാക്കി പുറത്തുപോയത് ഐ പി എൽ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഒരു ബാറ്റ്സ്മാൻ റിട്ടയേർഡ് ഔട്ടായി പുറത്തുപോകുന്നത്.

” അത് ആ നിമിഷത്തിൽ സംഭവിച്ച ഒരു കാര്യമായിരുന്നു. ക്രിക്കറ്റ് ഒരു ടീം ഗെയിമാണെന്ന് നമ്മൾ പലപ്പോഴും മറക്കുന്നു. കളിയുടെ പ്രധാന വശമാണെങ്കിലും നമ്മളത് പലപ്പോഴും പരിഗണിക്കുന്നില്ല. നമുക്കെല്ലാവർക്കും അറിയാവുന്നതിനേക്കാൾ ടീം ഗെയിമാണ് ടി20 ക്രിക്കറ്റ്. ” അശ്വിൻ പറഞ്ഞു.

” ടി20 ക്രിക്കറ്റ് ഏകദേശം ഫുട്ബോൾ പോലെയാണ്, ഗോൾ സ്കോറർമാർ നിങ്ങളുടെ ഓപ്പണിങ് ബാറ്റർ അല്ലെങ്കിൽ വിക്കറ്റ് ടേക്കർമാരെ പോലെയാണ്. ചെയ്യേണ്ടത് ചെയ്യാൻ തയ്യാറാണെങ്കിൽ മാത്രമേ അവർക്ക് മൂല്യമുള്ളൂ. ” രവിചന്ദ്രൻ അശ്വിൻ കൂട്ടിച്ചേർത്തു.

മാരിൽബോൺ ക്രിക്കറ്റ് ക്ലബ്ബിൻ്റെ ( എം സി സി ) നിയമപ്രകാരം ഇന്നിങ്സിലെ ഏതൊരു ഘട്ടത്തിലും ബാറ്റർക്ക് റിട്ടയർ ചെയ്യാനും പവലിയനിലേക്ക് മടങ്ങുകയും ചെയ്യാം. എന്നാൽ റിട്ടയർ ചെയ്യുന്നതിനുള്ള കാരണം പരിക്കോ മറ്റു അസുഖങ്ങളോ അല്ലെങ്കിൽ ബാറ്റ്സ്മാൻ പുറത്തായതായി കണക്കാക്കും. തന്ത്രപരമായി ഇതാദ്യമായാണ് ഐ പി എല്ലിൽ ഒരു ബാറ്റ്സ്മാൻ റിട്ടയേർഡ് ഔട്ടാകുന്നത്. പരാഗിനെ പുറത്താക്കുവാൻ അശ്വിൻ റിട്ടയേർഡ് ഔട്ടായത് ടീമിൻ്റെ തീരുമാനപ്രകാരമായിരുന്നുവെന്ന് മത്സരശേഷം രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ പറഞ്ഞിരുന്നു.