Skip to content

അത് അവൻ്റെ ഐഡിയയായിരുന്നു, കെ എൽ രാഹുലിനെ പുറത്താക്കിയ തന്ത്രത്തെ കുറിച്ച് ട്രെൻ്റ് ബോൾട്ട്

ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിൽ ലഖ്നൗ ക്യാപ്റ്റൻ കെ എൽ രാഹുലിനെ പുറത്താക്കിയതിന് പിന്നിലെ പ്ലാനിനെ കുറിച്ച് വെളിപ്പെടുത്തി ട്രെൻ്റ് ബോൾട്ട്. 166 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ലഖ്നൗവിനെ ആദ്യ പന്തിൽ തന്നെ കെ എൽ രാഹുലിനെ പുറത്താക്കി ട്രെൻ്റ് ബോൾട്ട് വിറപ്പിച്ചിരുന്നു. ആ ബോൾ കണ്ടതുപോലുമില്ലയെന്നായിരുന്നു മത്സരശേഷമുളള കെ എൽ രാഹുലിൻ്റെ പ്രതികരണം.

( Picture Source : IPL / BCCI )

എറൗണ്ട് ദി വിക്കറ്റായി ബൗൾ ചെയ്തുകൊണ്ടാണ് കെ എൽ രാഹുലിനെ കുറ്റിതെറിപ്പിച്ചുകൊണ്ട് ബോൾട്ട് പുറത്താക്കിയത്. ഈ പ്ലാനിന് പിന്നിൽ ന്യൂസിലൻഡ് ടീമിലെ തൻ്റെ സഹതാരം ജിമ്മി നീഷത്തിൻ്റെ ഐഡിയയായിരുന്നുവെന്ന് മത്സരശേഷം ട്രെൻ്റ് ബോൾട്ട് വെളിപ്പെടുത്തി.

” രാവിലെ വൈകിയാണ് അത്തരത്തിലൊരു തീരുമാനമെടുത്തത്. ( എറൗണ്ട് ദി വിക്കറ്റ് എറിയുവാൻ ), അത് ജിമ്മി നീഷത്തിൻ്റെ ഐഡിയയായിരുന്നു. രാഹുൽ ഒരു മികച്ച കളിക്കാരനാണ്. പക്ഷെ അത്തരത്തിലൊരു പ്ലാൻ വിജയിച്ചതിൽ സന്തോഷമുണ്ട്. ” മത്സരശേഷം ട്രെൻ്റ് ബോൾട്ട് പറഞ്ഞു.

” ന്യൂ ബോളിൽ അഗ്രസീവായി പന്തെറിയുകയും പവർപ്ലേയിൽ വിക്കറ്റ് നേടുകയും ചെയ്യുകയെന്നത് എൻ്റെ ചുമതലയാണ്, അതുകൊണ്ട് തന്നെ ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റ് നേടാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ” ട്രെൻ്റ് ബോൾട്ട് കൂട്ടിച്ചേർത്തു.

( Picture Source : IPL / BCCI )

3 റൺസിൻ്റെ ആവേശവിജയമാണ് മത്സരത്തിൽ രാജസ്ഥാൻ റോയൽസ് കുറിച്ചത്. സീസണിലെ റോയൽസിൻ്റെ മൂന്നാം വിജയമാണിത്. വിജയത്തോടെ സഞ്ജുവും കൂട്ടരും പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു. പോയിൻ്റ് ടേബിളിൽ മാത്രമല്ല സീസണിൽ ഇതുവരെ ഏറ്റവും കൂടുതൽ റൺസ് നേടിയതും വിക്കറ്റ് നേടിയതും രാജസ്ഥാൻ റോയൽസ് താരങ്ങളാണ്. 218 റൺസ് നേടിയ ജോസ് ബട്ലർ ഓറഞ്ച് ക്യാപ് നിലനിർത്തിയപ്പോൾ 11 വിക്കറ്റ് നേടികൊണ്ട് പർപ്പിൾ ക്യാപ് ചഹാൽ സ്വന്തമാക്കി.