Skip to content

ഉമേഷ് യാദവിനെ പുറത്താക്കാൻ തകർപ്പൻ ക്യാച്ചുമായി കുൽദീപ് യാദവ്, വീഡിയൊ കാണാം

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ തകർപ്പൻ ക്യാച്ചുമായി ഞെട്ടിച്ച് കുൽദീപ് യാദവ്. തൻ്റെ തന്നെ ബൗളിങിൽ ഉമേഷ് യാദവിനെ പുറത്താക്കാനാണ് തകർപ്പൻ ക്യാച്ച് കുൽദീപ് യാദവ് നേടിയത്. ഡൽഹി ക്യാപിറ്റൽസ് 44 റൺസിന് വിജയിച്ച മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് കുൽദീപ് യാദവ് കാഴ്ച്ചവെച്ചത്.

( Picture Source : IPL / BCCI )

മത്സരത്തിൽ നാലോവറിൽ 35 റൺസ് വഴങ്ങിയ കുൽദീപ് യാദവ് നാല് വിക്കറ്റുകൾ നേടിയിരുന്നു. ക്യാപ്റ്റൻ ശ്രേയസ് അയ്യർ, പാറ്റ് കമ്മിൻസ്, സുനിൽ നരെയ്ൻ, ഉമേഷ് യാദവ് എന്നിവരെയാണ് കുൽദീപ് യാദവ് പുറത്താക്കിയത്. ഈ പ്രകടനത്തോടെ ഈ സീസണിലെ വിക്കറ്റ് വേട്ടയിൽ ഉമേഷ് യാദവിനൊപ്പം കുൽദീപ് എത്തി. നാല് മത്സരങ്ങളിൽ നിന്നും 10 വിക്കറ്റ് കുൽദീപ് നേടി.

( Picture Source : IPL / BCCI )

മത്സരത്തിലെ 16 ആം ഓവറിലെ അവസാന പന്തിലാണ് തകർപ്പൻ ക്യാച്ചിലൂടെ ഉമേഷ് യാദവിനെ കുൽദീപ് പുറത്താക്കിയത്. നേരിട്ട ആദ്യ പന്തിൽ തന്നെ ഉമേഷ് യാദവ് കൂറ്റൻ ഷോട്ടിന് ശ്രമിക്കുകയും വായുവിൽ ഉയർന്നുപൊങ്ങിയ പന്ത് മിഡ് ഓണിലേക്ക് പായുകയും പിന്നാലെ പന്ത് ലക്ഷ്യമാക്കി ഓടിയ കുൽദീപ് ഡൈവ് ചെയ്തുകൊണ്ട് പന്ത് കൈപിടിയിലൊതുക്കുകയും ചെയ്തു.

വീഡിയോ ;

മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 216 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 19.4 ഓവറിൽ 171 റൺസ് എടുക്കുന്നതിനിടെ 10 വിക്കറ്റും നഷ്ടമായി. നാല് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവിനൊപ്പം മൂന്ന് വിക്കറ്റ് നേടിയ ഖലീൽ അഹമ്മദും മികവ് പുലർത്തി. ഷാർദുൽ താക്കൂർ 2 വിക്കറ്റും ലളിത് യാദവ് ഒരു വിക്കറ്റും നേടി.

നേരത്തേ ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസിനെ 51 റൺസ് നേടിയ പൃഥ്വി ഷാ, 61 റൺസ് നേടിയ ഡേവിഡ് വാർണർ, 27 റൺസ് നേടിയ റിഷഭ് പന്ത്, 29 റൺസ് നേടിയ ഷാർദുൽ താക്കൂർ, 22 റൺസ് നേടിയ അക്ഷർ പട്ടേൽ എന്നിവരാണ് മികച്ച സ്കോറിൽ എത്തിച്ചത്.

( Picture Source : IPL / BCCI )