Skip to content

ആദ്യ രണ്ട് പന്തിൽ റിവ്യൂ നൽകി രക്ഷപെട്ട് രഹാനെ, മൂന്നാം പന്തിൽ ഔട്ടായിരുന്നിട്ടും അപ്പീലിന് പോലും മുതിരാതെ ഡൽഹി താരങ്ങൾ

അതിനാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ച് ഡൽഹി ക്യാപിറ്റൽസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടം. മത്സരത്തിൽ കെ കെ ആർ ഇന്നിങ്സിലെ ആദ്യ ഓവറിലെ ആദ്യ മൂന്ന് പന്തുകളിലാണ് രസകരമായ സംഭവം അരങ്ങേറിയത്. മൂന്ന് തവണയും കെ കെ ആർ ഓപ്പണർ അജിങ്ക്യ രഹാനെ പുറത്താകലിൽ നിന്നും രക്ഷപ്പെടുകയും ചെയ്തു.

( Picture Source : Twitter )

മുസ്തഫിസുർ എറിഞ്ഞ ഓവറിലെ ആദ്യ പന്തിൽ തന്നെ ഡിഫൻഡ് ചെയ്യാനുള്ള രഹാനെയുടെ ശ്രമം പാളുകയും ബാറ്റിൽ എഡ്ജ് ചെയ്തുവെന്ന് തോന്നിച്ച പന്ത് വിക്കറ്റ് കീപ്പർ റിഷഭ് പന്തിൻ്റെ കൈകളിൽ എത്തിയതോടെ അമ്പയർ മറിച്ചൊന്നും ആലോചിക്കാതെ ഔട്ട് വിധിക്കുകയും ചെയ്തു. എന്നാൽ രഹാനെ റിവ്യൂ ചെയ്ത ശേഷമുളള പരിശോധയിൽ പന്ത് ബാറ്റിൽ കൊണ്ടില്ലയെന്ന് വ്യക്തമായതോടെ അമ്പയർ തീരുമാനം മാറ്റേണ്ടിവന്നു.

തൊട്ടടുത്ത പന്തിൽ വീണ്ടും രഹാനെ ബുദ്ധിമുട്ടുകയും ഡൽഹി താരങ്ങളുടെ LBW അപ്പീലിൽ അമ്പയർ വീണ്ടും ഔട്ട് വിധിക്കുകയും ചെയ്തു. എന്നാൽ വീണ്ടും തീരുമാനം റിവ്യൂ ചെയ്ത രഹാനെ പന്ത് ബാറ്റിൽ എഡ്ജ് ചെയ്തുവെന്ന് വ്യക്തമായതോടെ വീണ്ടും രക്ഷപെടുകയും ചെയ്തു.

( Picture Source : Twitter )

മൂന്നാമത്തെ പന്തിൽ രഹാനെ ഓഫ് സൈഡിലേക്ക് ഷോട്ടിന് ശ്രമിച്ചുവെങ്കിലും ബാറ്റിൽ വേണ്ടവിധം കണക്ട് ചെയ്യാനായില്ല. എന്നാൽ ആദ്യ രണ്ട് പന്തിലും ഔട്ട് അല്ലാതിരുന്നിട്ടും അപ്പീൽ ചെയ്ത ക്യാപിറ്റൽ താരങ്ങൾ ഇക്കുറി ചെറുതായി അപ്പീൽ ചെയ്യുക പോലും ചെയ്തില്ല. എന്നാൽ റീപ്ലേകളിൽ നിന്നും പന്ത് രഹാനെയുടെ ബാറ്റിൽ തട്ടുന്നത് വ്യക്തമായിരുന്നു. ഇതോടെ തുടർച്ചയായ മൂന്നാം പന്തിലും രഹാനെ പുറത്താകാതെ രക്ഷപെട്ടു.

( Picture Source : Twitter )

എന്നാൽ തനിക്ക് ലഭിച്ച ഈ അവസരങ്ങൾ വേണ്ടവിധം ഉപയോഗിക്കാൻ രഹാനെയ്‌ക്ക് സാധിച്ചില്ല. 14 പന്തിൽ 8 റൺസ് മാത്രം നേടിയാണ് രഹാനെ പുറത്തായത്.

( Picture Source : IPL )