Skip to content

അതാരായലും ക്രിക്കറ്റിൽ നിന്നും ആജീവനാന്ത വിലക്ക് നൽകണം, ചഹാലിൻ്റെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് രവി ശാസ്ത്രി

ക്രിക്കറ്റ് ലോകത്തെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലായിരുന്നു രാജസ്ഥാൻ റോയൽസ് സ്പിന്നർ യുസ്വെന്ദ്ര ചഹാൽ അടുത്തിടെ നടത്തിയത്. 2013 സീസണിൽ മുംബൈ ഇന്ത്യൻസിന് വേണ്ടികളിക്കവെ മദ്യപിച്ചെത്തിയ ഒരു കളിക്കാരൻ തന്നെ പതിനഞ്ചാം നിലയുടെ ബാൽക്കണിയിൽ നിന്നും തൂക്കിയിട്ടതായി ചഹാൽ വെളിപ്പെടുത്തിയിരുന്നു. ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ച ആരോപണത്തിൽ ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി.

” ഇതൊരിക്കലും ചിരിച്ചുതള്ളേണ്ട കാര്യമല്ല. ആരോപണത്തിൽ ഉൾപെട്ട വ്യക്തി ആരാണെന്ന് എനിക്കുറപ്പില്ല. പക്ഷേ അപകടത്തെ കുറിച്ച് ആ വ്യക്തി ചിന്തിച്ചിരുന്നില്ല. അവിടെ ഒരാളുടെ ജീവൻ തന്നെ അപകടത്തിലായിരുന്നു. ചിലർക്ക് ഇത് തമാശയായി തോന്നിയേക്കാം, എന്നാൽ എനിക്കിത് തമാശയായി തോന്നുന്നില്ല. ”

” ഇത് ഇന്നാണ് സംഭവിക്കുന്നതെങ്കിലോ ? ഇതിൽ പറയുന്ന വ്യക്തിക്ക് ആജീവനാന്ത വിലക്ക് നൽകണം, അത് വളരെ ലളിതമാണ്, കൂടാതെ കഴിയുന്നത്ര വേഗത്തിൽ അവനെ റിഹാബ് സെൻ്ററിലേക്ക് അയക്കുക. ലൈഫ് ബാൻ, ഇനി ക്രിക്കറ്റിലേക്ക് തിരിച്ചുവരാൻ അയാളെ അനുവദിക്കരുത്. ഇത് തമാശയാണോ അല്ലയോ എന്ന് അപ്പോൾ അവന് മനസ്സിലാകും. ” രവി ശാസ്ത്രി പറഞ്ഞു.

രാജസ്ഥാൻ റോയൽസ് പങ്കുവെച്ച വീഡിയോയിലാണ് ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ചഹാൽ നടത്തിയത്. 2013 സീസണിൽ മുംബൈ ഇന്ത്യൻസിൽ ആയിരിക്കെ മത്സരത്തിന് ശേഷം നടന്ന പാർട്ടിയിൽ അങ്ങേയറ്റം മദ്യപിച്ച കളിക്കാരൻ തന്നെ വലിച്ചിഴച്ച് ബാൽക്കണിയിൽ നിന്നും തൂക്കിയിട്ടെന്നും പിടിവിട്ടിരുന്നുവെങ്കിൽ താൻ താഴെ വീഴുമായിരുന്നുവെന്നും അവിടെയുണ്ടായിരുന്ന ആളുകളാണ് ആ കളിക്കാരനെ പിന്മാറ്റിയതെന്നും ചഹാൽ വെളിപ്പെടുത്തിയിരുന്നു.