ഐ പി എല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തോടെ തകർപ്പൻ റെക്കോർഡ് കുറിച്ച് പഞ്ചാബ് കിങ്സ് ഓപ്പണർ ശിഖാർ ധവാൻ. മത്സരത്തിൽ 30 പന്തിൽ 35 റൺസ് നേടിയ ധവാൻ നാല് ഫോർ നേടിയിരുന്നു. ഇതോടെ ടി20 ക്രിക്കറ്റിൽ തകർപ്പൻ നേട്ടം ധവാൻ കുറിച്ചത്. മറ്റൊരു ഇന്ത്യൻ താരത്തിനും ഇതിനുമുൻപ് ഈ നേട്ടം സ്വന്തമാക്കാൻ സാധിച്ചിട്ടില്ല.

മത്സരത്തിൽ മൂന്നാം ഫോർ നേടിയതോടെ ടി20 ക്രിക്കറ്റിൽ ആയിരം ഫോർ ധവാൻ പൂർത്തിയാക്കി. ടി20 ക്രിക്കറ്റിൽ 1000 ഫോർ നേടുന്ന അഞ്ചാമത്തെ താരവും ആദ്യത്തെ ഇന്ത്യൻ താരവുമാണ് ധവാൻ.
വെസ്റ്റിൻഡീസ് ബാറ്റ്സ്മാൻ ക്രിസ് ഗെയ്ൽ, ഇംഗ്ലീഷ് ബാറ്റ്സ്മാൻ അലക്സ് ഹെയ്ൽസ്, ഓസ്ട്രേലിയൻ ബാറ്റ്സ്മാന്മാരായ ആരോൺ ഫിഞ്ച്, ഡേവിഡ് വാർണർ എന്നിവരാണ് ഇതിനുമുൻപ് ടി20 ക്രിക്കറ്റിൽ 1000 ഫോർ നേടിയിട്ടുള്ള ബാറ്റ്സ്മാന്മാർ.

917 ഫോർ നേടിയ വിരാട് കോഹ്ലി, 875 ഫോർ നേടിയ രോഹിത് ശർമ്മ, 779 ഫോർ നേടിയ സുരേഷ് റെയ്ന എന്നിവരാണ് ധവാന് ശേഷം ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഫോർ നേടിയിട്ടുള്ള ബാറ്റ്സ്മാന്മാർ.

ഐ പി എല്ലിൽ ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ള രണ്ടാമത്തെ ബാറ്റ്സ്മാൻ കൂടിയാണ് ശിഖാർ ധവാൻ. ഐ പി എല്ലിൽ ഇതുവരെ 196 മത്സരങ്ങളിൽ നിന്നും 34.77 ശരാശരിയിൽ 2 സെഞ്ചുറിയും 44 ഫിഫ്റ്റിയുമടക്കം 5911 റൺസ് ധവാൻ നേടിയിട്ടുണ്ട്. 210 മത്സരങ്ങളിൽ നിന്നും 6341 റൺസ് നേടിയ വിരാട് കോഹ്ലിയാണ് ധവാന് മുൻപിലുള്ളത്.
