Skip to content

ധോണിയല്ല, സി എസ് കെ യിലെത്താൻ സഹായിച്ചത് അവനാണ്, വെളിപ്പെടുത്തി റോബിൻ ഉത്തപ്പ

രാജസ്ഥാൻ റോയൽസിനും ചെന്നൈ സൂപ്പർ കിങ്സിലെത്താൻ തന്നെ സഹായിച്ചത് ആരാണെന്ന് വെളിപ്പെടുത്തി റോബിൻ ഉത്തപ്പ. ഉത്തപ്പയുടെ സുഹൃത്തും മുൻ സി എസ് കെ ക്യാപ്റ്റനുമായ ധോണിയാണ് ഉത്തപ്പയെ ടീമിൽ എത്തിച്ചതെന്നാണ് പലരും കരുതിയിരുന്നത്. എന്നാൽ സി എസ് കെയിൽ തന്നെയെത്തിക്കാൻ സഹായിച്ചത് അമ്പാട്ടി റായുഡുവാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഉത്തപ്പ. സി എസ് കെയിൽ എത്താനുണ്ടായ സന്ദർഭവും ഉത്തപ്പ വെളിപ്പെടുത്തി.

( Picture Source : IPL )

ഐ പി എല്ലിൽ ആർ സീ ബി, മുംബൈ ഇന്ത്യൻസ്, കെ കെ ആർ അടക്കമുള്ള ഫ്രാഞ്ചൈസികൾക്ക് വേണ്ടി കളിച്ചിട്ടുള്ള ഉത്തപ്പ 2020 സീസണിലാണ് രാജസ്ഥാൻ റോയൽസിൽ എത്തിയത്. എന്നാൽ റോയൽസിന് വേണ്ടി മികവ് പുലർത്താൻ താരത്തിന് സാധിച്ചിരുന്നില്ല. തുടർന്ന് താരത്തെ ചെന്നൈ സൂപ്പർ കിങ്സിന് റോയൽസ് കൈമാറുകയായിരുന്നു. രവിചന്ദ്രൻ അശ്വിൻ്റെ യൂട്യൂബ് ചാനലിൽ നടന്ന അഭിമുഖത്തിലാണ് ഇക്കാര്യം റോബിൻ ഉത്തപ്പ വെളിപ്പെടുത്തിയത്.

( Picture Source : IPL )

” സയ്ദ് മുഷ്താഖ് അലിയിൽ മുംബൈയിൽ ആന്ധ്രയ്ക്കെതിരെ കേരളത്തിന് കളിയുണ്ടായിരുന്നു. അംബ (റായുഡു) ആന്ധ്രയെ നയിക്കുകയായിരുന്നു. അവൻ എന്നോട് ചോദിച്ചു ‘ നിനക്കെന്താണ് സംഭവിക്കുന്നത്. ഞാൻ ഒരു കാര്യം ചെയ്യാം, നിനക്ക് ഞാൻ കാസി സാറിൻ്റെ ( സി എസ് കെ CEO ) നമ്പർ തരാം. നീ അദ്ദേഹത്തെ വിളിക്കൂ, നിന്നെ പോലെയൊരു കളിക്കാരനെ ഞങ്ങൾക്ക് ആവശ്യമാണ്. ”

( Picture Source : IPL )

ഐ പി എൽ ട്രാൻസ്ഫർ ആരംഭിക്കുകയാണെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും കാസി വിശ്വനാഥനെ വിളിച്ചുകൊണ്ട് തനിക്ക് സി എസ് കെയ്ക്ക് വേണ്ടി കളിക്കാൻ ആഗ്രഹമുണ്ടെന്ന് തുറന്നുപറഞ്ഞുവെന്നും ഉത്തപ്പ പറഞ്ഞു.

” ട്രാൻസ്ഫർ സംബന്ധിച്ചുള്ള ചർച്ചകൾ ആരംഭിച്ചുവെന്ന് റോയൽസിൽ നിന്നും ഞാൻ അറിഞ്ഞു. രണ്ട് ദിവസത്തിന് ശേഷം കാശി സർ എന്നെ വിളിച്ചു. ‘ ഡീൽ പൂർത്തിയാക്കി, താങ്കളിനി ഞങ്ങൾക്കൊപ്പം വരുന്നു. ഈ തീരുമാനത്തിൽ പ്രശ്നമില്ലെന്ന് എം എസ് പറഞ്ഞു. നിങ്ങൾ ഞങ്ങളുടെ ടീമിന് വലിയ മൂല്യമാകുമെന്ന് സപ്പോർട്ട് സ്റ്റാഫ് വിശ്വസിക്കുന്നു. ‘ അദ്ദേഹം എന്നോട് പറഞ്ഞു. ” റോബിൻ ഉത്തപ്പ കൂട്ടിച്ചേർത്തു.

( Picture Source : IPL )