Skip to content

വമ്പൻ തോൽവിയ്‌ക്ക് പുറകെ സൗത്താഫ്രിക്കയ്ക്കെതിരെ ഐസിസിയ്ക്ക് പരാതി നൽകാനൊരുങ്ങി ബംഗ്ലാദേശ്

സൗത്താഫ്രിക്കയ്ക്കെതിരെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൽ പരാതി നൽകാനൊരുങ്ങി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. ഡർബൻ ടെസ്റ്റിലെ തോൽവിയ്‌ക്ക് പുറകെയാണ് മത്സരത്തിലെ സ്ലെഡ്ജിങ്, ഏകപക്ഷീയമായ അമ്പയറിങ് എന്നിവ ആരോപിച്ചുകൊണ്ട് ബംഗ്ലാദേശ് പരാതി നൽകാൻ ഒരുങ്ങുന്നത്.

ഏകദിന പരമ്പരയ്ക്ക് പുറകെ അമ്പയറിങിനെ കുറിച്ച് ബംഗ്ലാദേശ് രേഖാമൂലം പരാതി നൽകിയിരുന്നു. ബംഗ്ലാദേശ് ടീം മാനേജറോട് മാച്ച് റഫറി മോശമായി പെരുമാറിയെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ഓപ്പറേഷൻസ് ചീഫ് ജലാൽ യൂസഫ് ആരോപിച്ചു.

” ഏകദിന പരമ്പരയിലെ അമ്പയറിങിനെ കുറിച്ച് ഞങ്ങൾ ഇതിനകം തന്നെ രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. മാച്ച് റഫറി ഞങ്ങളുടെ ടീം മാനേജറോട് മോശമായി പെരുമാറി. ഞങ്ങൾ രേഖാമൂലം പരാതി നൽകിയപ്പോൾ അദ്ധേഹം മയപെട്ടു. ഈ ടെസ്റ്റ് മത്സരത്തെ കുറിച്ച് മറ്റൊരു പരാതി ഞങ്ങൾ നൽകും. ”

” സ്ലെഡ്ജിങ് തികച്ചും സാധാരണമാണ്. പക്ഷേ അമ്പയർമാർ അതിൽ ഇടപെടുകയോ കണ്ടഭാവം നടിക്കുകയോ ചെയ്യുന്നില്ല. മത്സരത്തിലെ അമ്പയറിങ് ഞങ്ങളുടെ നിയന്ത്രണത്തിലല്ല. എന്നാൽ ന്യൂട്രൽ അമ്പയർമാരെ തിരികെയെത്തിക്കുന്നതിനെ കുറിച്ച് ഐസിസി ചിന്തിക്കണം. ”

( Picture Source : Twitter )

” ഈ മത്സരത്തിൽ നിഷ്പക്ഷമായ അമ്പയറിങ് നടന്നിട്ടില്ല. ആദ്യ ദിവസം തന്നെ ഇത് നടന്നു. സൈറ്റ് സ്ക്രീനിലെ പ്രശ്നങ്ങൾ കാരണം വൈകിയാണ് മത്സരം ആരംഭിച്ചത്. അതോടെ തുടക്കത്തിൽ ലഭിക്കേണ്ട നേട്ടം ഞങ്ങൾക്ക് നഷ്ടമായി. ഈ സമയനഷ്ടം പരിഹരിക്കാൻ ലഞ്ച് സെഷൻ നീട്ടുകയാണ് അവർ ചെയ്തത്. അത് സാധാരണ കാണാറുള്ളതല്ല. ഇത് അമ്പയറുടെ വിവേചനാധികാരമാണ്. പക്ഷേ സമയനഷ്ടം പരിഹരിക്കാൻ കളി നേരത്തേ തുടങ്ങുകയാണ് വേണ്ടത്. ” ബി സി ബി ചീഫ് പറഞ്ഞു.

മത്സരത്തിൽ 220 റൺസിൻ്റെ വമ്പൻ പരാജയമാണ് ബംഗ്ലാദേശ് ഏറ്റുവാങ്ങിയത്. 274 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശിന് 53 റൺസ് നേടാൻ മാത്രമാണ് സാധിച്ചത്. ടെസ്റ്റ് ക്രിക്കറ്റിലെ ബംഗ്ലാദേശിൻ്റെ ഏറ്റവും കുറഞ്ഞ ടീം ടോട്ടലാണിത്.

( Picture Source : Twitter )