Skip to content

രാജ്യത്തേക്കാൾ വലുതല്ല ഒരു ക്ലബ്ബും, അഫ്ഗാനിസ്ഥാനാണ് എനിക്ക് എല്ലാം തന്നത്, റാഷിദ് ഖാൻ

ഏതൊരു ഘട്ടത്തിലും താൻ രാജ്യത്തിന് വേണ്ടി കളിക്കാതെ ക്ലബ്ബ് ടീമുകൾക്ക് പ്രാധാന്യം നൽകുകയില്ലെന്ന് അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ. ന്യൂസിലൻഡ്, സൗത്താഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ കളിക്കാർ സ്വന്തം രാജ്യത്തിൻ്റെ മത്സരങ്ങളിൽ നിന്നും പിന്മാറി ഐ പി എല്ലിൽ കളിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് റാഷിദ് ഖാൻ തൻ്റെ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുന്നത്.

മറ്റുള്ള താരങ്ങൾ ഐ പി എൽ അടക്കമുള്ള ടി20 ലീഗുകൾക്ക് പ്രാധാന്യം നൽകുമ്പോൾ അഫ്ഗാനിസ്ഥാന് വേണ്ടി കളിക്കാനായി പാകിസ്ഥാൻ സൂപ്പർ ലീഗ് ഫൈനലിൽ നിന്നും റാഷിദ് ഖാൻ പിൻമാറിയത് വാർത്തകളിൽ ഇടം നേടിയിരുന്നു.

” ആദ്യം അഫ്ഗാനിസ്ഥാന് വേണ്ടി കളിച്ചുകൊണ്ടാണ് ഞാൻ അനേകം ലീഗുകളിലേക്ക് എത്തിയത്. അതുകൊണ്ട് രാജ്യമാണ് എനിക്ക് വലുത്. ജീവിതത്തിൽ എന്തുതന്നെ നേടിയാലും രാജ്യത്തെ മറക്കുവാൻ സാധിക്കില്ല. ”

” സാഹചര്യം എന്തുതന്നെയായാലും രാജ്യമോ ക്ലബ്ബോ എന്ന ചോദ്യത്തിൽ എനിക്ക് യാതൊരു ആശയകുഴപ്പവും ഉണ്ടാകില്ല. അഫ്ഗാനിസ്ഥാന് വേണ്ടി കളിച്ചില്ലയെങ്കിൽ എന്നെ ആർക്കും അറിയില്ലായിരുന്നു. എനിക്കെല്ലാം നൽകിയത് എൻ്റെ രാജ്യമായ അഫ്ഗാനിസ്ഥാനാണ്. രാജ്യത്തിന് നിങ്ങളെ ആവശ്യമുള്ളപ്പോൾ നിങ്ങൾ ആവശ്യം തള്ളി കളയുന്നത് അനീതിയാണ്. രാജ്യത്തിന് വേണ്ടിയുള്ള പ്രതിബദ്ധതയെ തകർക്കുവാൻ ഒന്നിനും സാധിക്കില്ല. ” പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ റാഷിദ് ഖാൻ പറഞ്ഞു.

കഴിഞ്ഞ അഞ്ച് സീസണുകളിൽ സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടി കളിച്ച റാഷിദ് ഖാൻ ഈ സീസണിൽ ഗുജറാത്ത് ടൈറ്റൻസിന് വേണ്ടിയാണ് കളിക്കുന്നത്. ഗുജറാത്ത് ടൈറ്റൻസിൻ്റെ വൈസ് ക്യാപ്റ്റൻ കൂടിയാണ് റാഷിദ് ഖാൻ. 2015 ൽ അഫ്ഗാനിസ്ഥാന് വേണ്ടി അരങ്ങേറ്റം കുറിച്ച റാഷിദ് ഖാൻ മൂന്ന് ഫോർമാറ്റിൽ നിന്നും 143 മത്സരങ്ങളിൽ നിന്നും ഇതിനോടകം 290 വിക്കറ്റുകൾ നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ടി20 യിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ നാലാമത്തെ ബൗളർ കൂടിയാണ് റാഷിദ് ഖാൻ.