തുടർച്ചയായ മൂന്നാം പരാജയം ഏറ്റുവാങ്ങി ചെന്നൈ സൂപ്പർ കിങ്സ്, പഞ്ചാബ് കിങ്സിന് വമ്പൻ വിജയം

ചെന്നൈ സൂപ്പർ കിങ്സിനെ 54 റൺസിന് തകർത്ത് സീസണിലെ രണ്ടാം വിജയം നേടി പഞ്ചാബ് കിങ്സ്. മത്സരത്തിൽ പഞ്ചാബ് കിങ്സ് ഉയർത്തിയ 181 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ചെന്നൈ സൂപ്പർ കിങ്സിന് 18 ഓവറിൽ 126 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. സീസണിലെ ചെന്നൈ സൂപ്പർ കിങ്സിൻ്റെ തുടർച്ചയായ മൂന്നാം പരാജയമാണിത്.

( Picture Source : IPL )

30 പന്തിൽ 6 ഫോറും 3 സിക്സുമടക്കം 57 റൺസ് നേടിയ ശിവം ദുബെ മാത്രമാണ് ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി തിളങ്ങിയത്. എം എസ് ധോണി 28 പന്തിൽ 23 റൺസ് നേടി പുറത്തായി.

( Picture Source : IPL )

പഞ്ചാബ് കിങ്സിന് വേണ്ടി രാഹുൽ ചഹാർ 25 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ലിയാം ലിവിങ്സ്റ്റൺ, വൈഭവ് അറോറ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടിയപ്പോൾ കഗിസോ റബാഡ, അർഷ്ദീപ് സിങ്, ഒഡിയൻ സ്മിത്ത് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് 32 പന്തിൽ 60 റൺസ് നേടിയ ലിയാം ലിവിങ്സ്റ്റണിൻ്റെ മികവിലാണ് മികച്ച സ്കോർ നേടിയത്. 5 ഫോറും 5 സിക്സും ലിവിങ്സ്റ്റണിൻ്റെ ബാറ്റിൽ നിന്നും പിറന്നു. ശിഖാർ ധവാൻ 24 പന്തിൽ 33 റൺസും യുവതാരം ജിതേഷ് വർമ്മ 17 പന്തിൽ 26 റൺസും നേടി.

( Picture Source : IPL )

ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി ക്രിസ് ജോർദാൻ 23 റൺസ് വഴങ്ങി 2 വിക്കറ്റും പ്രെട്ടോറിയസ് 30 റൺസ് വഴങ്ങി രണ്ട് വിക്കറ്റും നേടി.

ഏപ്രിൽ എട്ടിന് ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് പഞ്ചാബ് കിങ്സിൻ്റെ അടുത്ത മത്സരം. തൊട്ടടുത്ത ദിവസം സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് ചെന്നൈ സൂപ്പർ കിങ്സിൻ്റെ അടുത്ത മത്സരം.

( Picture Source : IPL )