Skip to content

നാല് വിക്കറ്റുകൾ വീഴ്ത്തി ലോക്കി ഫെർഗൂസൺ, ഡൽഹിയെ തകർത്ത് തുടർച്ചയായ രണ്ടാം വിജയം നേടി ഗുജറാത്ത് ടൈറ്റൻസ്

ലോക്കി ഫെർഗൂസൻ്റെ തകർപ്പൻ ബൗളിംഗ് മികവിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 14 റൺസിൻ്റെ വിജയം. മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ഉയർത്തിയ 172 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ക്യാപിറ്റൽസിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 157 റൺസ് നേടാനെ സാധിച്ചുള്ളൂ. സീസണിലെ ഗുജറാത്ത് ടൈറ്റൻസിൻ്റെ തുടർച്ചയായ രണ്ടാം വിജയമാണിത്.

( Picture Source : IPL )

നാലോവറിൽ 28 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ലോക്കി ഫെർഗൂസനാണ് ഡൽഹി ബാറ്റിങ് നിരയെ തകർത്തത്. മൊഹമ്മദ് ഷാമി രണ്ട് വിക്കറ്റും റാഷിദ് ഖാൻ, ഹാർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

29 പന്തിൽ 43 റൺസ് നേടിയ ക്യാപ്റ്റൻ റിഷഭ് പന്തും 25 റൺസ് നേടിയ ലളിത് യാദവും മാത്രമെ ഡൽഹി ക്യാപിറ്റൽസ് നിരയിൽ തിളങ്ങിയുള്ളൂ.

( Picture Source : IPL )

മത്സരത്തിൻ്റെ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് ശുഭ്മാൻ ഗില്ലിൻ്റെ തകർപ്പൻ ബാറ്റിങ് മികവിലാണ് മികച്ച സ്കോർ നേടിയത്. 46 പന്തിൽ 6 ഫോറും 4 സിക്സുമടക്കം 84 റൺസ് നേടിയാണ് ഗിൽ പുറത്തായത്. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ 27 പന്തിൽ 31 റൺസും ഡേവിഡ് മില്ലർ 15 പന്തിൽ 20 റൺസും രാഹുൽ തെവാട്ടിയ 8 പന്തിൽ 14 റൺസും നേടി.

( Picture Source : IPL )

ഡൽഹി ക്യാപിറ്റൽസിന് വേണ്ടി മുസ്തഫിസുർ റഹ്മാൻ നാലോവറിൽ 23 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ഖലീൽ അഹമ്മദ് രണ്ട് വിക്കറ്റും കുൽദീപ് യാദവ് ഒരു വിക്കറ്റും നേടി. ഏപ്രിൽ ഏഴിന് ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരെയാണ് ഡൽഹിയുടെ അടുത്ത മത്സരം. ഏപ്രിൽ എട്ടിന് പഞ്ചാബ് കിങ്സിനെതിരെയാണ് ഗുജറാത്ത് ടൈറ്റൻസിൻ്റെ അടുത്ത മത്സരം.

( Picture Source : IPL )