അദ്ദേഹത്തിലുണ്ടായിരുന്ന പ്രതീക്ഷകളുടെ ഭാരം എത്രത്തോളമാണെന്ന് ഞാനിപ്പോൾ മനസ്സിലാക്കുന്നു, വിരാട് കോഹ്ലി

2011 ഏപ്രിൽ 2, 11 വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസമാണ് ഇന്ത്യ തങ്ങളുടെ രണ്ടാം ഏകദിന ലോകകപ്പ് നേടിയത്. ഈ നിമിഷത്തിൽ 2011 ഏകദിന ലോകകപ്പിലെ തൻ്റെ ഓർമകൾ പങ്കുവെച്ചിരിക്കുകയാണ് വിരാട് കോഹ്ലി. ആർ സീ ബി വെബ്സൈറ്റിലാണ് 2011 ലോകകപ്പ് ഫൈനൽ ഓർമകൾ കോഹ്ലി പങ്കുവെച്ചത്.

” 20 ന് രണ്ട് എന്ന നിലയിൽ അന്ന് ബാറ്റ് ചെയ്യാൻ ഇറങ്ങിയപ്പോൾ അനുഭവിച്ച സമ്മർദ്ദം ഞാൻ ഓർക്കുന്നു, സച്ചിനും സെവാഗും പുറത്തായി. ഞാൻ ക്രീസിലേക്ക് നടക്കുന്നതിനിടയിൽ സച്ചിൻ പാജി എന്നോട് ഹ്രസ്വ സംഭാഷണം നടത്തി, കൂട്ടുകെട്ട് കെട്ടിപടുക്കാൻ അദ്ദേഹം പറഞ്ഞു. ഒരു കൂട്ടുകെട്ട് ഉണ്ടാക്കിയെടുക്കാൻ ഞങ്ങൾക്ക് സാധിച്ചു. ഞാനും ഗൗതിയും 90 റൺസ് കൂട്ടിചേർത്തു. ”

” ഞാൻ 35 റൺസാണ് നേടിയത്. എൻ്റെ കരിയറിൽ ഞാൻ നേടിയ ഏറ്റവും വിലയേറിയ 35 റൺസ് അതായിരിക്കും. ടീമിനെ തിരികെയെത്തിക്കാൻ കഴിയാവുന്ന തരത്തില് സംഭാവന ചെയ്യാൻ സാധിച്ചതിൽ എനിക്ക് വളരെയേറെ സന്തോഷം തോന്നി. ലോകകപ്പ് നേടിയതിൻ്റെ ആവേശം അവിശ്വസനീയമായിരുന്നു. കാണികൾ വന്ദേമാതരം ആലപിക്കുകയായിരുന്നു. അതൊരു അതിയാഥാർത്ഥ നിമിഷമായിരുന്നു. ഇപ്പോഴും എൻ്റെ ഓർമകളിൽ പുതുമയോടെ അത് നിലനിൽക്കുന്നു. ” കോഹ്ലി പറഞ്ഞു.

ലോകകപ്പ് വിജയത്തിന് ശേഷം താൻ പറഞ്ഞ വാക്കുകളെ കുറിച്ചും വിരാട് കോഹ്ലി മനസ്സുതുറന്നു. 21 വർഷം ഇന്ത്യയുടെ ഭാരം അദ്ദേഹം തോളിലേറ്റി, ഇത് അദ്ദേഹത്തെ ഞങ്ങൾ ചുമലിൽ വഹിക്കേണ്ട സമയമാണ് ” ലോകകപ്പ് വിജയത്തിന് ശേഷം സച്ചിനെ കുറിച്ച് കോഹ്ലി പറഞ്ഞ വാക്കുകൾ ഇതായിരുന്നു.

” ഞങ്ങൾ എല്ലാവരും ഇന്ത്യൻ ക്രിക്കറ്റിന് കഴിവിൻ്റെ പരമാവധി സംഭാവന ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിൻ്റെ നേട്ടങ്ങളും സംഭാവനകളും വളരെ വലുതാണ്. ഇപ്പോൾ അദ്ദേഹത്തിലുണ്ടായിരുന്ന പ്രതീക്ഷകളുടെ ഭാരം എത്രത്തോളമാണെന്ന് ഞാൻ മനസ്സിലാക്കുന്നു. ” വിരാട് കോഹ്ലി പറഞ്ഞു.