Skip to content

അതിൽ ക്രെഡിറ്റ് നൽകേണ്ടത് ഗൗതം ഗംഭീറിനാണ്, യുവതാരം ആയുഷ് ബഡോനിയുടെ പ്രകടനത്തെ കുറിച്ച് കെ എൽ രാഹുൽ

തകർപ്പൻ പ്രകടനമാണ് ലഖ്നൗ സൂപ്പർ ജയൻ്റ്സിന് വേണ്ടി ആദ്യ രണ്ട് മത്സരങ്ങളിലും യുവതാരം ആയുഷ് ബഡോണി കാഴ്ച്ചവെച്ചത്. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിനു ഫിഫ്റ്റി നേടിയ താരം സി എസ് കെയ്ക്കെതിരായ മത്സരത്തിൽ 9 പന്തിൽ 19 റൺസ് നേടി ടീമിൻ്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു. താരത്തിൻ്റെ ഈ പ്രകടനത്തിൽ ക്രെഡിറ്റ് അർഹിക്കുന്നത് ടീമിൻ്റെ മെൻ്ററായ ഗംഭീറിനാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ക്യാപ്റ്റൻ കെ എൽ രാഹുൽ.

( Picture Source : IPL )

” ആയുഷ് ബഡോനിയെ കണ്ടെത്തിയതിൽ ക്രെഡിറ്റ് അർഹിക്കുന്നത് ഗൗതം ഗംഭീറും വിജയ് ധാഹിയക്കുമാണ് ( അസിസ്റ്റൻ്റ് കോച്ച് ), ടീമിൽ അവനെ എത്തിക്കണമെന്ന് തീരുമാനിച്ചത് അവരാണ്. ഞാൻ അവൻ്റെ ഒന്നോ രണ്ടോ വീഡിയോ മാത്രമാണ് കണ്ടിട്ടുള്ളത്. വീഡിയോയിൽ നല്ല ഷോട്ടുകൾ മാത്രമല്ലേ കാണാൻ സാധിക്കൂ, അവനൊപ്പം മുൻപ് ഞാൻ ബാറ്റ് ചെയ്തിട്ടില്ല. എന്നാൽ ക്യാമ്പിൽ എത്തിയതുമുതൽ അവൻ്റെ ബാറ്റിങ് അവിശ്വസനീയമാണ്. ” കെ എൽ രാഹുൽ പറഞ്ഞു.

( Picture Source : IPL )

” അവൻ ശക്തനാണ് ഒരു 360 ഡിഗ്രി പ്ലേയറാണ്, ഇതുവരെ അവൻ പന്തെറിഞ്ഞിട്ടില്ല. അൽപ്പം ബൗൾ ചെയ്യാനും അവന് സാധിക്കും. അവൻ ഇന്ത്യൻ ക്രിക്കറ്റിന് മികച്ച കണ്ടെത്തലാണ്. ഇനിയും പഠിച്ച് വളർന്ന് ഇന്ത്യൻ ടീമിന് വൈറ്റ് ബോൾ ഫോർമാറ്റിൽ മുതൽകൂട്ടാകാൻ അവന് കഴിയും. ” കെ എൽ രാഹുൽ കൂട്ടിച്ചേർത്തു.

( Picture Source : IPL )

മത്സരത്തിൽ മികച്ച പ്രകടനമാണ് കെ എൽ രാഹുലും കാഴ്ച്ചവെച്ചത്. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ആദ്യ പന്തിൽ തന്നെ പുറത്തായ രാഹുൽ ഈ മത്സരത്തിൽ 26 പന്തിൽ 40 റൺസ് നേടുകയും ഡീകോക്കിനൊപ്പം ചേർന്ന് ഓപ്പണിങ് കൂട്ടുകെട്ടിൽ 99 റൺസ് കൂട്ടിച്ചേർത്തുകൊണ്ട് മികച്ച തുടക്കം ടീമിന് നൽകിയിരുന്നു.

( Picture Source : IPL )