Skip to content

യുവരാജിനെതിരായ ആ പന്താണ് എൻ്റെ ജീവിതം മാറ്റിമറിച്ചത്, ഡ്വെയ്ൻ ബ്രാവോ

2005 ൽ ഇന്ത്യയുടെ വെസ്റ്റിൻഡീസ് പര്യടനത്തിൽ യുവരാജിനെതിരെ താനെറിഞ്ഞ ഫേമസ് ഡെലിവറിയാണ് തൻ്റെ ജീവതം തന്നെ മാറ്റിമറിച്ചതെന്ന് വെസ്റ്റിൻഡീസ് ഓൾ റൗണ്ടർ ഡ്വെയ്ൻ ബ്രാവോ. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ക്രിക്കറ്റ് ആരാധകർ എന്നും ഓർത്തിരുക്കുന്ന മത്സരത്തെ കുറിച്ച് ബ്രാവോ മനസ്സുതുറന്നത്.

പര്യടനത്തിലെ ഏകദിന പരമ്പരയിൽ 1-4 ന് ദയനീയമായി ഇന്ത്യ പരാജയപെട്ടിരുന്നു. എന്നിരുന്നാലും പരമ്പരയിലെ രണ്ടാം മത്സരം ക്രിക്കറ്റ് ആരാധകരുടെ മനസ്സിൽ ഇന്നും തങ്ങിനിൽകുന്നതായിരുന്നു. ഒരു റൺസിനാണ് ആ മത്സരത്തിൽ ഇന്ത്യ പരാജയപെടുത്തിയത്. യുവരാജ് സിങ് ഇന്ത്യയെ വിജയത്തിനരികെ എത്തിയെങ്കിലും മികച്ച പന്തിലൂടെ യുവിയെ പുറത്താക്കി ബ്രാവോയാണ് വെസ്റ്റിൻഡീസിനെ വിജയത്തിലെത്തിച്ചത്.

” ആ പന്തിലൂടെയാണ് എൻ്റെ പക്കൽ ഏറ്റവും മികച്ച ചേഞ്ചപ്പ് ബോൾ ഉണ്ടെന്ന് ലോകത്തെ അറിയിച്ചതും എൻ്റെ ടി20 കരിയറിന് തുടക്കം കുറിച്ചതും. ” ബ്രാവോ പറഞ്ഞു.

മത്സരത്തിൽ അവസാന അഞ്ച് പന്തിൽ ഒരു വിക്കറ്റ് ശേഷിക്കെ 10 റൺസ് വേണമെന്നിരിക്കെ ബ്രാവോയ്ക്കെതിരെ തുടർച്ചയായി രണ്ട് ബൗണ്ടറി യുവരാജ് നേടിയിരുന്നു. ഇന്ത്യ വിജയം ഉറപ്പിച്ചുവെന്ന് കരുതിയ നിമിഷം തൊട്ടടുത്ത പന്തിൽ ബ്രാവോ യുവരാജിനെ ബൗൾഡാക്കുകയും വിൻഡീസിനെ വിജയത്തിൽ എത്തിക്കുകയും ചെയ്തു.

വീഡിയോ ;

” ഏത് പന്താണ് എറിയേണ്ടിയിരുന്നതെന്ന് ഞാൻ അതുവരെയും ചിന്തിച്ചിരുന്നില്ല. റണ്ണപ്പിനായി പോകുമ്പോഴും എൻ്റെ മനസ്സിൽ യാതൊരു ചിന്തയും ഉണ്ടായിരുന്നില്ല. ഒരു ഘട്ടത്തിൽ അമ്പയറിനരികിലേക്ക് എത്തുന്നതിന് മുൻപേ ഡിപ്പർ എറിയുവാൻ ഞാൻ തീരുമാനിച്ചു. എൻ്റെ ഏറ്റവും ഫേവറിറ്റ് ബോൾ തിരിഞ്ഞെടുക്കാൻ പറഞ്ഞാൽ അത് ഒരുപാടുണ്ട്. എന്നാൽ യുവരാജിനെതിരായ ആ ബോൾ എൻ്റെ ജീവിതം തന്നെ മാറ്റിമറിച്ചു. ” ബ്രാവോ കൂട്ടിച്ചേർത്തു.