Skip to content

ആഫ്രിക്കയിൽ ക്രിക്കറ്റ് വികസിപ്പിക്കാൻ ആഫ്രോ – ഏഷ്യൻ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ ഒരുങ്ങി ബിസിസിഐ സെക്രട്ടറി ജയ് ഷാ

ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ക്രിക്കറ്റിൻ്റെ ജനപ്രീതി വർധിപ്പിക്കാൻ 2005 ൽ തുടക്കം കുറിച്ച് നാല് വർഷത്തിന് ശേഷം ഉപേക്ഷിച്ച ആഫ്രോ ഏഷ്യൻ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ ഒരുങ്ങി ബിസിസിഐ സെക്രട്ടറിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ തലവനുമായ ജയ് ഷാ.

പുതിയ രാജ്യങ്ങളിലേക്ക് കൊണ്ടുപോയി ക്രിക്കറ്റിൻ്റെ ജനപ്രീതി വർധിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയ ജയ് ഷാ ആഫ്രിക്ക അതിലൊന്നാണെന്നും കൂട്ടിച്ചേർത്തു. ഇന്ത്യയും പാകിസ്ഥാനും ബംഗ്ലാദേശും ശ്രീലങ്കയും അടക്കമുള്ള രാജ്യങ്ങളിൽ ഒന്നാം നമ്പർ കായിക വിനോദമാണ് ക്രിക്കറ്റ്. എന്നാൽ ആഫ്രിക്കയിലെ ചുരുക്കം ചില രാജ്യങ്ങൾ ഒഴിച്ചാൽ ക്രിക്കറ്റിൻ്റെ ജനപ്രീതി വളരെ കുറവാണ്. ഈ പശ്ചാത്തലത്തിലാണ് ക്രിക്കറ്റിനെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാൻ 2009 ൽ ഉപേക്ഷിച്ച പദ്ധതി ജയ് ഷാ പുനരുജ്ജീവിപ്പിക്കാൻ ഒരുങ്ങുന്നത്.

47 രാജ്യങ്ങൾ നിലവിൽ ഏഷ്യ ആഫ്രിക്ക ക്രിക്കറ്റ് കൗൺസിലുകളിൽ അംഗങ്ങളാണ്. രണ്ട് കൗൺസിലുകളെയും സഹായിക്കുന്ന ഈ പദ്ധതി ഏറ്റെടുക്കാനാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിൻ്റെ തലവൻ കൂടിയായ ജയ് ഷാ ആഗ്രഹിക്കുന്നത്.

താഴെതട്ടിൽ ക്രിക്കറ്റിനെ ശക്തിപെടുത്തുന്ന പദ്ധതിയാണ് ആഫ്രോ ഏഷ്യൻ പ്രൊജക്റ്റ്. അണ്ടർ 19, അണ്ടർ 23 തലത്തിലുള്ള ക്രിക്കറ്റ് കളിക്കാരെ സാഹയിക്കുന്ന ഈ പദ്ധതിയിലൂടെ മികച്ച പരിശീലകർ യുവതാരങ്ങൾക്ക് പരിശീലനം നൽകും.